പേരാവൂരിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ: പേരാവൂരിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ രണ്ടരവയസ്സുകാരി നുമ തസ്‍ലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എൻ.ഡി.ആർ.എഫ്. സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളത്തിന്റെ ഇരമ്പൽ കേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയി. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.

കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. കാഞ്ഞിരപ്പുഴ തീരത്ത് വ്യാപകനാശം. വെള്ളറയിൽ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇദ്ദേഹത്തിന്റെ വീട്‌ പൂർണമായി തകർന്നു. വെള്ളറയിൽ കാണാതായ ചന്ദ്രന്റെ മകൻ റിവിനെയും കാണാതായെങ്കിലും രാത്രി വൈകി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവന്റെ ഒരുകെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസ് അടക്കമുള്ള അഞ്ച് വാഹനങ്ങൾ ഒഴുകിപ്പോയതായി ഡയറക്ടർ സന്തോഷ് പറഞ്ഞു.

തെറ്റുവഴി സർവീസ് സ്റ്റേഷനുസമീപം ഒരു കുടുംബവും ഏലപ്പീടിക കണ്ടംതോട്ടിൽ ഉരുൾപൊട്ടി അഞ്ച് കുടുംബങ്ങളും ഒറ്റപ്പെട്ടു. ചെക്കേരി പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകി. നിടുംപൊയിൽ, തൊണ്ടിയിൽ ടൗണുകളിൽ പൂർണമായും വെള്ളം കയറി. മുപ്പതോളം കടകളിലും വെള്ളം കയറി. കേളകം പഞ്ചായത്തിൽ വെള്ളൂന്നി കണ്ടംതോട്ടിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് ഏലപ്പീടിക പുല്ലുമലയ്ക്ക് സമീപം കണ്ടംതോട് കോളനിപ്രദേശത്ത് ആറ്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular