കോഴിക്കോട്: എസ്.ഡി.പി.ഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ബാലുശ്ശേരി പാലോളിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരായായി ക്രൂരമര്‍ദനമേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തിന് ശേഷം പോലീസെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസിനോടും ഫ്‌ളക്‌സ് കീറിപ്പോയെന്ന് കുറ്റസമ്മതം നടത്തുന്ന ജിഷ്ണുരാജിനെ പോലീസുകാര്‍ക്ക് മുമ്പിലിട്ടും മര്‍ദിക്കുന്നുണ്ട്.
പോലീസിനോട് കയര്‍ക്കുന്നതും പോലീസിന് മുന്നിലിട്ട് തെറിവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്ത വടിവാള്‍ പോലീസിന്റെ മുന്നില്‍വച്ച് നിര്‍ബന്ധിച്ച് പിടിപ്പിക്കാനും ഫോട്ടോയെടുക്കാനും ആവശ്യപ്പെടുന്നുണ്ട്. പോലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറിവിളിക്കുകയും പോലീസിനോട് കയര്‍ക്കുന്നതുമാണ് രണ്ടാമതായി പുറത്തുവന്ന വീഡിയോയിലുള്ളത്.
വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് മര്‍ദിച്ച ശേഷം വടിവാള്‍ പിടിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്.
ഒന്നരമണിക്കൂറോളം മര്‍ദനത്തിനിരയായ യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, ജാതിപ്പേരുവിളിച്ച് അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി മുപ്പതാളുടെപേരില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു. പേരാമ്പ്ര ഡിവൈ.എസ്.പി.യാണ് കേസന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഫ്‌ളക്‌സ് കീറിയെന്ന പരാതിയില്‍ ജിഷ്ണുരാജിന്റെപേരിലും കേസെടുത്തിട്ടുണ്ട്.
പിറന്നാളാഘോഷത്തിനെത്തിയ സുഹൃത്തിനെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ മൂന്ന് എസ്.ഡി.പി.ഐ.ക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് ജിഷ്ണുരാജ് പറയുന്നത്. പിന്നീട് കൂടുതല്‍പ്പേരെ ഫോണില്‍ വിളിച്ചുവരുത്തി മര്‍ദനം തുടര്‍ന്നു. പലതവണ സമീപമുള്ള തോട്ടിലെ ചെളിയില്‍ തലമുക്കിയും കഴുത്തില്‍ വാളുവെച്ചുമാണ് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്നും അക്രമികളുടെ കൈയിലുള്ള വടിവാള്‍ തന്റെ കൈയില്‍ പിടിപ്പിച്ചതാണെന്നും ജിഷ്ണുരാജ് പറയുന്നു. കൊടിമരവും ഫ്‌ളക്‌സുമൊക്കെ നശിപ്പിക്കുന്നത് താനാണെന്നാണ് അക്രമികള്‍ പകര്‍ത്തി പ്രചരിപ്പിച്ച വീഡിയോയില്‍ ജിഷ്ണു കുറ്റസമ്മതം നടത്തുന്നത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രാദേശികനേതാക്കളുടെ ആവശ്യപ്രകാരമാണിത് ചെയ്തതെന്നും പറയുന്നുണ്ട്.
പലതവണ കൊടിമരങ്ങളും കൊടിയും നശിപ്പിക്കപ്പെട്ടതിന്റെപേരില്‍ സി.പി.എം., ലീഗ് അസ്വാരസ്യം നിലനില്‍ക്കുന്ന പ്രദേശമാണിത്. ആലേഖ സാംസ്‌കാരികനിലയവും രണ്ടുവീടുകളും സമീപകാലത്ത് ആക്രമിക്കപ്പെട്ടിരുന്നു.
ഭീകരമായ ആക്രമണമാണ് ജിഷ്ണുരാജ് നേരിട്ടതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി വി. വസീഫ് പറഞ്ഞു. തീവ്രവാദസ്വഭാവമുള്ള ആക്രമണമാണിത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ കര്‍ശനനടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പാലോളിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ല. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ ലീഗിന് ബന്ധമുണ്ടെന്ന സി.പി.എം. പ്രചാരണം തെറ്റാണെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.