തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനു പിന്നാലെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. സൈന്യത്തിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (ആര്‍മി സിഇഇ എക്‌സാം) എത്രയും വേഗം നടത്തണം, ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഉടന്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
തിരുവനന്തപുരത്ത് നൂറുകണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ഇവര്‍ രാവിലെ പത്തുമണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചു. കോഴിക്കോട്ട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലാണ് യുവാക്കളുടെ മാര്‍ച്ച് നടന്നത്.
സൈനിക ജോലിക്കായി പരിശീലനം തേടുന്നവരാണ് തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധിക്കുന്നത്. ഇവരില്‍ പലരും സൈന്യത്തിലേക്കുള്ള വിവിധ പരീക്ഷകള്‍ എഴുതിയവരും പരീക്ഷക്കായി കാത്തിരിക്കുന്നവരുമാണ്. അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. അഗ്നിപഥ് പദ്ധതി നടപ്പാക്കിയാല്‍ സൈനിക ജോലിക്കായി പരിശീലനം തേടുന്ന തങ്ങള്‍ക്ക് അവസരം നഷ്ടമാകുമെന്നാണ് യുവാക്കളുടെ ആരോപണം.