ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ സർക്കാരിനെതിരേ ഹൈക്കോടതിയിൽ ഹർജി. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സർക്കാരിനെതിരേയും വിചാരണ കോടതി ജഡ്ജിക്കെതിരേയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹർജിയിലെ ആരോപണം. ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും വിചാരണ കോടതി ജഡ്ജിയുടെ ഇടപെടൽ സംശയകരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി മാത്രമേ റിപ്പോർട്ട് നൽകാവൂ എന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ തുടക്കത്തിൽ നീതിപൂർവമായ അന്വേഷണമുണ്ടായി. എന്നാൽ ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യംചെയ്യേണ്ട ഘട്ടമെത്തിയപ്പോൾ ഉന്നതതല ഇടപെടലുണ്ടായി. ഇതുവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണ്.

കേസിൽ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധബന്ധമാണുള്ളത്. മുഴുവൻ തെളിവുകളിലേക്കും അന്വേഷണം നടത്താതെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് മേൽ സമ്മർദമുണ്ട്. ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകർക്ക് സർക്കാരുമായി അടുത്തബന്ധമാണുള്ളത്. പാതിവെന്ത കുറ്റപത്രം നൽകുന്നതിനെതിരേ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകണം. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോയത് വേദനാജനകമാണെന്നും ഹർജിയിൽ പറയുന്നു.

വിചാരണ കോടതി ജഡ്ജി അന്വേഷണത്തെ തടസപ്പെടുത്തി പ്രതികളെ സഹായിക്കാൻ ശ്രമിക്കുകയാണ്. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയിട്ടും അത് മറച്ചുവെച്ചു. മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ജഡ്ജി അതിൽ നടപടിയെടുത്തില്ലെന്നും നടി ആരോപിക്കുന്നു. അതിനാൽ വേഗത്തിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുത്. ഇനിയും നിരവധി തെളിവുകൾ പരിശോധിക്കാനുണ്ട്. അതെല്ലാം പൂർത്തീകരിച്ച് കൃത്യമായ അന്വേഷണം നടത്തണം. അതിനുശേഷം മാത്രമേ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാവൂ എന്ന നിർദേശം പുറപ്പെടുവിക്കണമെന്നും നടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 31-നകം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദേശം. ഇതിനിടെയാണ് കേസ് അട്ടിമറിക്കാൻ നീക്കമുണ്ടായെന്ന് ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7