ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ; നടിയെ ആക്രമിച്ച കേസിലെ ‘വിഐപി’

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. തുടരാന്വേഷണത്തിന്റെ ഭാഗമായാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. ദിലീപ് കേസിൽ അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. അതോടൊപ്പം തന്നെ അഭിഭാഷകർ ദൃശ്യങ്ങൾ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശരത് ദൃശ്യങ്ങൾ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങൾ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.

pathram desk 1:
Related Post
Leave a Comment