ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണം. നിയമം പുനഃപരിശോധിക്കുന്നതിൽ കേന്ദ്രം തീരുമാനമെടുക്കണം. പ്രതികൾക്ക് ജാമ്യം തേടി കോടതിയെ സമീപിക്കാം. അതേ സമയം, നിലവിൽ ഫയൽ ചെയ്ത കേസുകൾ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത്, ഇതുസംബന്ധിച്ച 124എ വകുപ്പിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ ഒഴിവാക്കാൻ കഴിയില്ലേയെന്നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചിരുന്നു. നിലവിലുള്ള കേസുകളുടെ കാര്യത്തിലും വരാൻ പോകുന്ന കേസുകളുടെ കാര്യത്തിലുമുള്ള നിലപാട് അറിയേണ്ടതുണ്ട്. മറുപടി നൽകാനും സർക്കാരിനോടു നിർദേശിച്ചിരുന്നു.
ഇപ്പോഴത്തെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും കോടതി വ്യക്തമാക്കി.124എ വകുപ്പ് പുനഃപരിശോധിക്കാൻ തയാറാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്