മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ബന്ധുവീട്ടിൽ അരുംകൊല മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ

പനമരം(വയനാട്): പനമരത്തിനു സമീപം ആറാംമൈൽ കുണ്ടാലയിൽ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. കുണ്ടാലയിലെ ബന്ധു മൂന്നാംബ്രവൻ റഷീദിന്റെ വീട്ടിലെത്തിയ കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് കൈതവളപ്പിൽ നജ മൻസിലിൽ നിദ ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അബൂബക്കർ സിദ്ദീഖ് (28) നെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് കൊലപാതകം നടന്നത്. സംശയത്തെത്തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് ഒന്നരവയസ്സുള്ള മകൻ മുഹമ്മദ് സിനാനൊപ്പം ദമ്പതിമാർ ബൈക്കിൽ കുണ്ടാലയിലെ ബന്ധുവീട്ടിൽ എത്തിയത്. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോകുംവഴിയാണ് ഇവർ ബന്ധുവീട്ടിലെത്തിയത്. ആറുമണിക്ക് കർണാടക ചെക്പോസ്റ്റ് അടയ്ക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ പോവാമെന്ന് വീട്ടുകാർ പറഞ്ഞതോടെ അവിടെ താമസിക്കുകയായിരുന്നു. കൊലപാതകവിവരം ആദ്യം സഹോദരനെയാണ് പ്രതി വിളിച്ചറിയിച്ചത്. ഇദ്ദേഹം കോഴിക്കോട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അവിടെനിന്നുള്ള വിവരപ്രകാരം പനമരം പോലീസ് എത്തിയ ശേഷമാണ് റഷീദും കുടുംബവും സംഭവമറിയുന്നത്.

നാലുവർഷംമുമ്പാണ് ഇരുവരും വിവാഹിതരായത്. നിദയ്ക്ക് മറ്റൊരാളുമായി അടുപ്പമുള്ളതായി നേരത്തേ സിദ്ദീഖിന് സംശയമുണ്ടായിരുന്നു. രാത്രിയിൽ ഇരുവരും തമ്മിൽ ഇതെച്ചൊല്ലി വാഗ്വാദമുണ്ടായി. പിന്നീട് ഉറക്കത്തിനിടെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സിദ്ദീഖ് പറഞ്ഞതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു യാത്രയ്ക്ക് പുറപ്പെട്ടതെന്നും സിദ്ദീഖ് മൊഴിനൽകിയിട്ടുണ്ട്.

പി.പി. റഫീഖിന്റെയും ബുഷറയുടെയും രണ്ടാമത്തെ മകളാണ് നിദ. സഹോദരിമാർ: നജാ ഷെറിൻ, നിയാ ഷെറിൻ, നൗറി ഷെറിൻ, നിഹ ഷെറിൻ. തിങ്കളാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഇൻ-ചാർജ് റജികുമാർ, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റ്യൻ, പനമരം എസ്.ഐ. എൻ. അജീഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഒളവണ്ണയിൽ കബറടക്കി.

Similar Articles

Comments

Advertismentspot_img

Most Popular