തന്നെ സ്വാധീനിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞോയെന്ന് ജഡ്ജി; അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക വിചാരണക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം. തന്നെ പ്രതിഭാഗത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞോയെന്ന് വിചാരണക്കോടതി ജഡ്ജി ചോദിച്ചു. അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നൽകി. ഹർജി വിചാരണ കോടതി ഈ മാസം 12 ലേക്ക് മാറ്റി. എതിർ സത്യവാങ് മൂലം പഠിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷൻ ആരോപണം നിഷേധിച്ച് കൊണ്ട് 27 പേജുള്ള മറുപടിയാണ് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചത്.

നേരത്തെ നടിയെ ആക്രമിച്ച കേസിൽ കോടതിയെ സ്വാധീനിക്കാൻ പ്രതിഭാ​ഗം ശ്രമിച്ചെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പുറത്തു വന്നിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ശബ്ദരേഖ, ദിലീപിന് കോടതിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ രേഖകളുടെ ഫോട്ടോകൾ എന്നിവ നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടിരുന്നു. ജഡ്ജിയെ സ്വാധീനിക്കാനായെന്ന് പറയുന്ന ശബ്ദരേഖയിൽ പാവറട്ടി കസ്റ്റഡി കൊലയേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനേക്കുറിച്ചും പറയുന്നുണ്ടായിരുന്നു. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നും പുറത്തായ തെളിവുകളായിരുന്നു ഇവ.

ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയില്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവര്‍’ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.തന്നെ സ്വാധീനിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞോയെന്ന് ജഡ്ജി; അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍

pathram:
Related Post
Leave a Comment