സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന്‌ ഉത്തരവില്‍ ഇല്ല.

പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹന യാത്രകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്,മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷന്‍ ശക്തിപ്പെടുത്തും.ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7