ഹയർ സെക്കൻഡറി മൂല്യനിർണയം: ക്യാംപുകളിൽ പുതിയ ക്രമീകരണം

ഹയർ സെക്കൻഡറി പരീക്ഷയുടെ രാവിലെയും ഉച്ചകഴിഞ്ഞും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ കുറവു വരുത്തിയതോടെ നാളെ തുടങ്ങുന്ന ക്യാംപുകളിൽ ചീഫ് എക്സാമിനർ ഓരോ കെട്ടും പൊട്ടിച്ച് അസിസ്റ്റന്റ് എക്സാമിനർക്കു 15 വീതം പേപ്പറുകളാക്കി നൽകാൻ നിർദേശം. സുവോളജി, ബോട്ടണി, മ്യൂസിക് എന്നിവയൊഴികെ എല്ലാ വിഷയങ്ങൾക്കും 17 ഉത്തരക്കടലാസുകൾ വീതമുള്ള കെട്ടുകളാണു ക്യാംപുകളിൽ എത്തിച്ചിരിക്കുന്നത്.

ഓരോ കെട്ടിൽനിന്നും രണ്ടെണ്ണം മാറ്റിയശേഷം 15 വീതം അസിസ്റ്റന്റ് എക്സാമിനർക്കു നൽകണം. മാറ്റിയത് ഉൾപ്പെടെ 15 പേപ്പറുകൾ ഓരോ ടീമിലെയും വൈകിയെത്തുന്നയാൾ നോക്കണം. എല്ലാ അധ്യാപകരും ഒപ്പമാണു വരുന്നതെങ്കിൽ ജൂനിയർ അധ്യാപകർക്കു നൽകണം. അവസാനം എത്തുന്നയാൾ ലൂസ് പേപ്പറുകളുടെ മൂല്യനിർണയം നടത്തേണ്ടി വരുന്നതിനാൽ മാർക്ക് ലിസ്റ്റ് പ്രത്യേകം തയാറാക്കേണ്ടി വരും.

കഴിഞ്ഞവർഷം വരെ രാവിലെയും ഉച്ചകഴിഞ്ഞും 13 പേപ്പറുകൾ വീതമാണ് ഒരാൾ നോക്കിയിരുന്നത്. ഇക്കൊല്ലം ഇതു പതിനേഴാക്കുകയും പ്രതിഷേധം മൂലം പതിനഞ്ചായി കുറയ്ക്കുകയുമായിരുന്നു.

സുവോളജി, ബോട്ടണി, മ്യൂസിക് എന്നീ വിഷയങ്ങളിൽ പേപ്പറുകളുടെ എണ്ണം 25 ൽ നിന്ന് 22 ആയി കുറച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇത് 20 ആയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular