ഇന്ത്യക്കാരൻ ആംബുലൻസ് വിളിച്ചു; രോഗിയെ കണ്ടു ഞെട്ടി ഷാർജയിലെ മെഡിക്കൽ സംഘം

ദുബായ് : ഷാർജയിൽ പൂച്ചയുടെ പ്രസവത്തിന് ഇന്ത്യക്കാരൻ വിളിച്ചുവരുത്തിയത് ആംബുലൻസ്!. സഹായം വേണ്ടത് യുവതിക്കാണെന്ന് വിചാരിച്ച് 2 ആംബുലൻസുകളിൽ പാഞ്ഞെത്തിയ മെഡിക്കൽ സംഘം പൂച്ചയെക്കണ്ട് ഞെട്ടി. ഇംഗ്ലിഷ് അറിയാത്ത ഇയാൾ, പരിഭ്രാന്തനായി ആംബുലൻസിൽ വിളിച്ച് ”ടോം ആൻഡ് ജെറി”, ”ബേബി” എന്നൊക്കെ ആവർത്തിച്ചതോടെ സങ്കീർണ പ്രസവക്കേസാണെന്നു കരുതി എത്തുകയായിരുന്നു.

ഇതു ദൗർഭാഗ്യകരമാണെന്നും അടിയന്തര സേവനങ്ങൾക്കുള്ള ആംബുലൻസുകൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കു വരുത്തി അർഹരായവരുടെ ചികിത്സ വൈകിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു. 4 മിനിറ്റിനകം രോഗിയുടെ അടുത്തെത്തുന്ന ശാസ്ത്രീയ സംവിധാനമാണ് ആംബുലൻസിനുള്ളതെങ്കിലും ചില പ്രവണതകൾ സേവനങ്ങളെ ബാധിക്കുന്നു.
അടിയന്തര സ്വഭാവമില്ലാത്ത രോഗങ്ങൾക്ക് ആംബുലൻസുകൾ വരുത്തുന്നത് കൂടുതലാണെന്ന് നാഷനൽ ആംബുലൻസ് ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അൽ ഹജിരി പറഞ്ഞു. ആംബുലൻസ് നമ്പർ 998ൽ വിളിച്ച് സ്വന്തമായി കാറില്ലെന്നും ടാക്സിയിൽ കൊണ്ടുപോകാൻ പറ്റില്ലെന്നും പറയുന്നവരുണ്ട്. പാരസെറ്റമോൾ ഗുളിക എവിടെക്കിട്ടുമെന്നു ചോദിച്ചവരുവരെയുണ്ട്.

ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങിയവയാണ് ഏറ്റവും അടിയന്തരമായി വൈദ്യസഹായം ലഭിക്കേണ്ട രോഗങ്ങൾ. ഹൃദയാഘാതമുണ്ടായ ശേഷമുള്ള ആദ്യത്തെ 4 മിനിറ്റ് ഏറെ വിലപ്പെട്ടതായതിനാൽ പ്രഥമ ശുശ്രൂഷ നൽകി എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണം.

രോഗിയുടെ ആരോഗ്യമടക്കമുള്ള പൂർണ വിവരങ്ങൾ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനു കൈമാറാൻ ആംബുലൻസുകളിൽ സംവിധാനമുണ്ട്.

ആംബുലൻസിൽ ക്യാമറകൾ ഉള്ളതിനാൽ ഡോക്ടർമാർക്കു രോഗിയെ നിരീക്ഷിക്കാനും ആശുപത്രിയിൽ ഇതിനനുസരിച്ചു തയാറെടുപ്പു നടത്താനും കഴിയും. രോഗവിവരങ്ങൾ, നിലവിലുള്ള അവസ്ഥ എന്നിവയെക്കുറിച്ച് ഡോക്ടർമാർക്കു വ്യക്തമായ ധാരണയും ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular