ഭാവനയെ ക്ഷണിച്ചത് ഞാൻ തന്നെ, തറ വർത്തമാനം എന്റെ അടുത്ത് വേണ്ട: രഞ്ജിത്

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്.

സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താൻ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്.’–രഞ്ജിത് പറഞ്ഞു.

വനിതകളുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ് . മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാൻ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്.

നിറഞ്ഞ സദസ്സിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സിനിമയിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പം സർക്കാർ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജീവിക്കുന്ന രക്തസാക്ഷിയാണ് കുർദിഷ് സംവിധായിക ലിസ ചലാൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുർക്കിയിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ബോംബ് ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം(5 ലക്ഷം രൂപ) നൽകി മുഖ്യമന്ത്രി ആദരിച്ചു.

ഭാവന കേരളത്തിന്റെ റോൾ മോഡൽ ആണെന്നും സിനിമയിലെ എല്ലാ മേഖലകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടു വരുമെന്നും ആധ്യക്ഷ്യം വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു.

‘നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാവർക്കും ലിസയെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാ വിധ ആശംസകളും,” ചുരുങ്ങിയ വാക്കുകളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച ഭാവന പറഞ്ഞു.

തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ വച്ച് ‘സ്പിരിറ്റ് ഓഫ്’ സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചിരുന്നു. കാലുകൾ നഷ്ടപ്പെട്ട തന്റെ അവസ്ഥയും തന്റെ രാജ്യത്തെ സാഹചര്യങ്ങളും ലിസ ചലാൻ വിവരിച്ചു. വർഷങ്ങൾ നീണ്ട വേദനയ്ക്കിടെ ഒട്ടേറെ ശസ്ത്രക്രിയകൾക്കു വിധേയയായി. എന്നാൽ ഇപ്പോൾ അങ്ങേയറ്റം ഊർജസ്വലയാണെന്നും ചലാൻ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular