കീവ്: റഷ്യൻ സൈന്യത്തിന് മുന്നിൽ മുട്ടുമടക്കി കീഴടങ്ങാൻ തയ്യാറാകാത്ത 13 യുക്രൈൻ സൈനികരെ റഷ്യൻ സൈന്യം ക്രൂരമായി കൊലപ്പെടുത്തി. ബ്ലാക്ക് സീ ഐലാന്റിലെ 13 സൈനികരെയാണ് റഷ്യൻ സൈന്യം കൊലപ്പെടുത്തിയത്. യുക്രൈൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നതും എന്നാൽ അതിന് തങ്ങൾ തയ്യാറല്ല എന്ന് തിരിച്ച് മറുപടി നൽകുന്നതിന്റേയും ശബ്ദവും പുറത്ത് വിട്ടിട്ടുണ്ട്.
‘ഇത് റഷ്യൻ സൈന്യമാണ്. നിങ്ങളുടെ ആയുധങ്ങൾ താഴെവെച്ച് മുട്ട് മടക്കി കീഴടങ്ങാൻ ആവശ്യപ്പെടുന്നു. അങ്ങനെ അല്ലെങ്കിൽ വെടിവെക്കേണ്ടി വരും’ എന്ന റഷ്യൻ സൈന്യത്തിന്റെ അറിയിപ്പിന് പിന്നാലെ രൂക്ഷ ഭാഷയിലാണ് യുക്രൈൻ സൈന്യം മറുപടി നൽകുന്നത്. തുടർന്ന് റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ റഷ്യയുടെ മുമ്പിൽ മുട്ട് മടക്കാതെ പോരാടുകയാണ് യുക്രൈൻ. നേരത്തെ റഷ്യ-യുക്രൈൻ സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുതിൻ ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാൻ യുക്രൈൻ സൈന്യത്തോട് നിർദേശിച്ചിരുന്നു. എന്നാൽ മരണത്തിന് മുന്നിലും പതറാതെ യുക്രൈൻ സൈന്യം പരിമിതമായ ശേഷി ഉപയോഗിച്ച് തിരിച്ചടിക്കുകയാണ്.
ആൾബലം കൊണ്ടും ആയുധബലം കൊണ്ടും യുക്രൈനേക്കാൾ എത്രയോ മടങ്ങ് മുന്നിലുള്ള റഷ്യയ്ക്ക് യുക്രൈൻ കനത്ത പ്രഹരം തന്നെയാണ് ഏൽപ്പിച്ചു കൊണ്ടിരിക്കുന്നത്.