ഐ.പി.എല്‍ മെഗാ താരലേലം; കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്, ശ്രീശാന്ത് പട്ടികയില്‍

ന്യൂഡല്‍ഹി: ഐപിഎല്‍ 2022 മെഗാ താര ലേലത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തുവിട്ട് ബിസിസിഐ. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 12,13 തിയതികളിലാണ് താര ലേലം.

590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്. 355 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.

മലയാളി താരം ശ്രീശാന്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില. 370 ഇന്ത്യന്‍ താരങ്ങളും 47 ഓസീസ് താരങ്ങളും 33 ദക്ഷിണാഫ്രിക്കന്‍ താരങ്ങളും 34 വിന്‍ഡീസ് താരങ്ങളും പട്ടികയിലുണ്ട്.

ഇതില്‍ 48 കളിക്കാരുടെ അടിസ്ഥാന വില രണ്ട് കോടിയാണ്. 20 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയും 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടിയുമാണ്.

10 മാര്‍ക്വീ താരങ്ങളാണ് ലേലത്തിനുള്ളത്. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍. അശ്വിന്‍, ക്വിന്റണ്‍ ഡിക്കോക്ക്, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. ക്രിസ് ഗെയ്ല്‍ ബെന്‍ സ്റ്റോക്ക്‌സ് എന്നിവര്‍ ഈ വര്‍ഷം കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment