മിന്നലാക്രമണങ്ങളുടെ നായകന്‍; വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യസംയുക്ത സേനാമേധാവി

മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ്’- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്‌ ഇപ്രകാരമാണ്. കാര്‍ക്കശ്യം, ധീരത, ഉറച്ച നിലപാട്… രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികള്‍ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. പാക് പ്രകോപനങ്ങളെ ആദ്യം മുന്നറിയിപ്പിന്റെ ഭാഷയിലും പിന്നാലെ തിരിച്ചടികളിലൂടെയും മറുപടി നല്‍കിയ സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. സേവനകാലാവധി ഒരുവര്‍ഷം ബാക്കി നില്‍ക്കെ നീലഗിരി കുന്നിലെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ റാവത്തിനെ രാജ്യത്തിന് നഷ്ടമായി.

റാവത്ത് രക്ഷപ്പെടണേ എന്ന പ്രാര്‍ഥനയിലായിരുന്നു അപകടവിവരം അറിഞ്ഞത് മുതല്‍ രാജ്യം. തീഗോളമായി മാറിയ ഹെലികോപ്ടറില്‍നിന്ന് രക്ഷപെടുത്തി സൈനിക ആശുപത്രിയില്‍ വിദഗ്ധചികിത്സ നല്‍കിയെങ്കിലും 85 ശതമാനത്തോളം പൊള്ളലേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. ഒടുവില്‍ എല്ലാ പ്രാര്‍ഥനകളും വിഫലമായി. വൈകുന്നേരം 6.03-ന് ബിപിന്‍ റാവത്ത് മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തുല്യരില്‍ മുമ്പനായി രാജ്യത്തെ സേവിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇനിയില്ല.

ബി.ജെ.പി. നേരിട്ട ആദ്യ വെല്ലുവിളികളില്‍ ഒന്നായിരുന്നു 2015 ജൂണില്‍ നാഗാ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണം. ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു തിരിച്ചടി അനിവാര്യമായിരുന്ന സമയം. ജൂണ്‍ എട്ടിന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭീകരരെ തുരത്താന്‍ മിന്നലാക്രമണം. എഴുപതുമുതല്‍ എണ്‍പതുവരെ ഭീകരരാണ് ആ സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്.

അടുത്ത വര്‍ഷം വീണ്ടുമൊരു മിന്നലാക്രമണം സൈന്യം നടത്തി, പാക് അധീന കശ്മീരില്‍. ഉറിയിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു. അതിനുള്ള തിരിച്ചടിയായിരുന്നു ആ മിന്നാലാക്രമണം. ഇത് പാകിസ്താനുള്ള സന്ദേശമെന്നാണ് അന്ന് ആക്രമണത്തിന് ശേഷം ബിപിന്‍ റാവത്ത് പ്രതികരിച്ചത്. മിന്നാലാക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മനോധൈര്യം വര്‍ധിപ്പിച്ചുവെന്നും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഇന്ത്യയുടെ കീര്‍ത്തി വര്‍ധിച്ചുവെന്നും മുന്‍ സൈനിക മേധാവിയായിരുന്ന ദല്‍ബീര്‍ സിങ് അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ രണ്ടുമിന്നലാക്രമണങ്ങളുടെയും ചുക്കാന്‍ പിടിച്ചത് ബിപിന്‍ റാവത്ത് ആയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സീനിയോറിറ്റി മറികടന്ന് കരസേനാ മേധാവിയായി ബിപിന്‍ റാവത്തിനെ സര്‍ക്കാര്‍ നിയമിച്ചത്. കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ പ്രവീണ്‍ ബക്ഷി, തെക്കന്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ ലഫ്.ജനറല്‍ പി.എം. ഹാരിസ് എന്നിവരെ മറികടന്നാണ് ലഫ്.ജനറല്‍ റാവത്തിന്റെ നിയമനം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഏറ്റവും അനുയോജ്യനാണ് റാവത്ത് എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

അതിര്‍ത്തി കടന്നുള്ള തീവ്രവാദവും നിഴല്‍യുദ്ധവും വടക്കുകിഴക്കന്‍ മേഖലയിലെ അസ്വസ്ഥതകളും ശക്തമായി നേരിടാന്‍ റാവത്തിന്റെ നേതൃത്വം കൊണ്ട് സാധിക്കുമെന്ന കണക്കുകൂട്ടലില്‍ പ്രതിപക്ഷ പാര്‍ട്ടികളുടേതുള്‍പ്പടെയുളള എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാര്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചു. സൈനിക മേധാവിയുടെ നിയമനത്തെ വിവാദമാക്കുന്ന രാഷ്ട്രീയകക്ഷികള്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ പൗഡിയിലുള്ള സൈനികകുടുംബത്തിലാണ് റാവത്തിന്റെ ജനനം. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, ഖഡഗ്വാസയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലാണ് പഠനം. അച്ഛന്‍ ലഫ്. ജനറല്‍ ലക്ഷ്മണ്‍ സിങ് റാവത്ത് സേവനമനുഷ്ഠിച്ച ’11 ഗൂര്‍ഖാ റൈഫിള്‍സ്’ ന്റെ അഞ്ചാം ബറ്റാലിയനില്‍ ഓഫീസറായി 1978-ലാണ് ജനറല്‍ റാവത്ത് ഔദ്യോഗികജീവിതം തുടങ്ങിയത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്‍ഫന്ററി ബറ്റാലിയന്‍ കമാന്‍ഡന്റും കശ്മീരില്‍ ഇന്‍ഫന്ററി ഡിവിഷന്‍ തലവനുമായി സേവനംചെയ്ത റാവത്ത്, മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ വിദഗ്ധനായാണ് അറിയപ്പെടുന്നത്. ഈ വൈദഗ്ധ്യത്തിന്റെ പേരില്‍ പരമവിശിഷ്ട സേവാ മെഡലും ഉത്തം യുദ്ധ സേവാമെഡലുമുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. ചൈനീസ് അതിര്‍ത്തി, കശ്മീര്‍ താഴ്വര, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിലും നിയന്ത്രണരേഖയിലെ സൈനിക വിന്യാസത്തിലും ദീര്‍ഘനാളത്തെ പരിചയമുണ്ടായിരുന്നു റാവത്തിന്. നിരവധി സൈനികബഹുമതികള്‍ ലഭിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത് തികഞ്ഞ പ്രൊഷണലും ജെന്റില്‍മാനുമായിട്ടാണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും റാവത്തിനെ വാര്‍ത്തകളിലെത്തിച്ചു. വിഷയത്തില്‍ ഒരു കരസേനാ മേധാവി രാഷ്ട്രീയ പരാമര്‍ശം നടത്തിയതിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ആഞ്ഞടിച്ചു. എന്നാല്‍ അദ്ദേഹം നടത്തിയത് രാഷ്ട്രീയ പരാമര്‍ശമല്ലെന്ന നിലപാടാണ് കരസനേ സ്വീകരിച്ചത്.

പലപ്പോഴും വളരെ തീവ്രമായ ഭാഷയിലാണ് റാവത്ത് വിഷയങ്ങളോട് പ്രതികരിച്ചിരുന്നത്. 2017-ല്‍ കശ്മീര്‍ വിഷയത്തില്‍ റാവത്ത് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കാരാട്ട് രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ സൈനികരുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ പരാതി ഉന്നയിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെടുക്കുന്നമെന്ന് റാവത്ത് അറിയിച്ചതും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സ്ത്രീകളെ സൈന്യത്തിന്റെ മുന്‍നിരയിലെത്തിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനവും റാവത്ത് നടത്തിയിരുന്നു.

2020 ജനുവരി ഒന്നിനാണ് രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി (സി.ഡി.എസ്.) ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റത്. കരസേനാമേധാവിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ റാവത്ത് 62 വയസ്സ് പൂര്‍ത്തിയാവാന്‍ രണ്ടരമാസം ബാക്കിനില്‍ക്കെയാണ് ആദ്യ സംയുക്ത സേനാമേധാവിയായി സ്ഥാനമേറ്റെടുത്തത്. മൂന്നുവര്‍ഷമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി. സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സി.ഡി.എസ്. എന്ന പദവിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷം നിയോഗിക്കപ്പെട്ട കെ. സുബ്രഹ്‌മണ്യം കമ്മിറ്റിയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഉണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസ് ആയിരുന്നു. കര, നാവിക, വ്യോമസേനാ മേധാവികള്‍ക്ക് തുല്യമായ പദവി തന്നെയായിരുന്നു സി.ഡി.എസിനുങ്കിലും ‘തുല്യരില്‍ മുമ്പന്‍’ എന്നരീതിയിലായിരുന്നു പ്രവര്‍ത്തനം. സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതുള്‍പ്പെടെ സൈനികനടപടികളില്‍ സി.ഡി.എസിന് അധികാരമില്ലായിരുന്നു. അതിനുള്ള അധികാരം അതതു സേനാവിഭാഗങ്ങളുടെ തലവന്മാര്‍ക്കുതന്നെയായിരുന്നു. മൂന്നുസേനാമേധാവികളുമുള്‍പ്പെട്ട ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനായിരുന്നു ഇദ്ദേഹം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7