‘ഐ നീഡ് ജസ്റ്റിസ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; പോസ്റ്റുകളില്‍ മൊഫിയ അനുഭവിച്ച പീഡനങ്ങള്‍

ആലുവ: ആലുവയിൽ ആത്മഹത്യചെയ്ത നിയമ വിദ്യാർഥിനി മൊഫിയാ പർവീണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വ്യക്തമാക്കുന്നത് ഭർതൃവീട്ടിൽ നേരിട്ട കടുത്ത പീഡനങ്ങൾ. മൊഫിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് സുഹൃത്തുക്കൾ സ്കീൻ ഷോട്ട് എടുത്ത് സൂക്ഷിക്കുകയായിരുന്നു. ഇത് പിന്നീട് സുഹൃത്തുക്കൾ പോലീസിന് കൈമാറി.

ഒരു മാസം മുമ്പാണ് മൊഫിയ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് ആരംഭിച്ചത്. ഭർത്താവ് സുഹൈലിന്റെ വീട്ടിൽനിന്ന് കൊടിയ പീഡനം ഏറ്റുവാങ്ങുന്ന കാര്യം മൊഫിയ സഹപാഠികളുമായി പങ്കുവെച്ചിരുന്നു. തുടർന്ന് ഈ വിവരം പുറംലോകം അറിയണമെന്ന ഉദ്ദേശത്തോടെയാണ് ഐ നീഡ് ജസ്റ്റിസ് എന്ന പേരിലൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അതിൽ ആദ്യ പോസ്റ്റ് എനിക്ക് നീതി വേണം എന്നതാണ്.

ഭർത്തൃവീട്ടിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനങ്ങൾ പിന്നീടുള്ള പോസ്റ്റുകളിൽ വ്യക്തമാക്കുന്നുണ്ട്. ഭർത്താവിൽ നിന്ന് ലൈംഗിക പീഡനങ്ങൾ നേരിടുന്നതായും പ്രകൃതിവിരുദ്ധ പീഡനത്തിന് പ്രേരിപ്പിക്കുന്നതായും പോസ്റ്റിലുണ്ട്. ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു, വിവാഹമോചനത്തിനായി ഒപ്പിടാൻ പ്രേരിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളും മൊഫിയയുടെ സുഹൃത്തുക്കൾ പുറത്തുവിട്ട സ്ക്രീൻ ഷോട്ടുകളിലുണ്ട്.

എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മൊഫിയ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. മൊഫിയയുടെ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സുഹൃത്തുക്കൾ എടുത്തു സൂക്ഷിച്ചിരുന്നു. ഇതാണ് സുഹൃത്തുക്കൾ പിന്നീട് പോലീസിന് കൈമാറിയത്. ഭർത്താവിൽ നിന്ന് നിരന്തരം പീഡനം ഏറ്റിരുന്ന വിവരവും നേരത്തെയും മൊഫിയ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. ഇക്കാര്യവും സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഇതിനിടെ, കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരെയാണ് പോലീസ് ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നുദിവസം കസ്റ്റഡിയിൽ വാങ്ങിയത്.

റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ബുധനാഴ്ച ഇവരെ കോതമംഗലത്തെ വീട്ടിലുൾപ്പെടെ എത്തിച്ച് തെളിവെടുക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവിനാണ് അന്വേഷണ ചുമതല. മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള സി.ഐ. സി.എൽ. സുധീറിനെതിരേയുള്ള വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഫ്രാൻസിസ് ഷെൽബിയാണ് അന്വേഷണം നടത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7