നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ച് സൈജു

കൊച്ചി: യുവാക്കള്‍ക്കു ലഹരിമരുന്നു നല്‍കി കുറ്റകൃതൃങ്ങള്‍ക്കു പ്രേരണ നല്‍കുന്നവരുടെ സ്വഭാവമാണു വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സൈജു എം.തങ്കച്ചന്‍ പ്രകടിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും. സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച് ബ്ലാക്‌മെയില്‍ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സൈജു പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും പരാതി നല്‍കാന്‍ പോലും തയാറായിട്ടില്ല.

നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതും സൈജുവിന്റെ പതിവായിരുന്നു. ഇതിനായുള്ള ശ്രമത്തെ എതിര്‍ത്തതാണു മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയില്‍ കാറില്‍ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഒക്ടോബര്‍ 31നു രാത്രി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാര്‍ട്ടി അവസാനിക്കും മുന്‍പ് ഇവര്‍ കാറില്‍ പുറത്തേക്കു പോയത്. ഇവരെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരിനു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിന്‍തുടര്‍ന്നപ്പോഴാണു കാറിന്റെ വേഗം വര്‍ധിപ്പിച്ചതെന്നു മോഡലുകള്‍ സഞ്ചരിച്ച കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

സൈജു തങ്കച്ചന്‍, നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് എന്നിവരെ ഒരുമിച്ചു ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. വിദഗ്ധ ചികിത്സ തേടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച റോയിയെ ഡിസ്ചാര്‍ജ് ചെയ്യാത്തതാണ് കാരണം. ചോദ്യം ചെയ്യലിനിടയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സൈജുവിനെയും ഇന്നലെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെയാണു സൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7