എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു

അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് മാഞ്ഞു പോയ വിഷമത്തെക്കുറിച്ചും വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് മകൾ സുപ്രിയ മേനോൻ. അച്ഛൻ വിജയ് കുമാർ തനിക്കും മകള്‍ ആലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ ഓര്‍ക്കുകയാണ് സുപ്രിയ.

സുപ്രിയയുടെ വാക്കുകൾ:

കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. പതിമൂന്ന് മാസത്തിലേറെയായി കാൻസറിനോട് പോരാടിയിരുന്ന എന്റെ എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) എന്നെ വിട്ടുപോയി. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാൻ ശ്വസിച്ച വായുവും അച്ഛനായിരുന്നു.

ഞാൻ ഏകമകളാണെങ്കിലും സ്‌കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാൻ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാൻ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസ്സമായി അച്ഛൻ നിന്നിട്ടില്ല.

അച്ഛൻ യാത്രയായിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. എപ്പോഴും പ്രശസ്തിയിൽ നിന്ന് ഒഴിഞ്ഞുമാറി നിഴലായി നടക്കുന്ന ആളായിരുന്നെങ്കിലും എന്റെ അച്ഛൻ എന്ന ആ വലിയ മനുഷ്യനെക്കുറിച്ച് അല്പമെങ്കിലും കുറിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നൂറുകണക്കിന് ജീവിതങ്ങളെ സ്പർശിച്ച ഹൃദയവിശാലതയുള്ള എന്നെ എപ്പോഴും വിസ്മയിപ്പിച്ച എന്റെ അച്ഛൻ.

എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഞാൻ തളരുകയും തോൽക്കുകയും ചെയ്യുമ്പോൾ എന്നെ സഹായിക്കാൻ എന്റെ നിഴലിലായി അച്ഛൻ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. എന്നിലെ നന്മയും സത്യസന്ധതയും എന്തും നേരിടാനുള്ള കഴിവും എനിക്ക് ലഭിച്ച നല്ല ഗുണങ്ങളെല്ലാം അദ്ദേഹത്തിൽ നിന്നും പകർന്നുകിട്ടിയതാണ്.

എന്നെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കിയതിനു ശേഷം എന്റെ ആലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു. അവൾ ജനിച്ച ദിവസം മുതൽ ഡാഡി അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. നടക്കാൻ പോകുമ്പോൾ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാൻ പഠിപ്പിച്ചു, കളിസ്ഥലങ്ങളിൽ കളിക്കാൻ കൊണ്ടുപോയി, സ്കൂളിൽ നിന്നും സംഗീത ക്ലാസ്സിൽ നിന്നും അവളെ കൂട്ടിക്കൊണ്ടുവന്നു, അദ്ദേഹം അവളുടെയും ഡാഡി ആയിമാറി. ആലി ഉണ്ടായതിനു ശേഷം അച്ഛന്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു!

അച്ഛന് കാൻസർ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു.

കാൻസർ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകർക്കുന്നത് മുഴുവൻ കുടുംബത്തെയുമാണ്. ഇവിടെ കാൻസർ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു.

അച്ഛൻ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളർത്തിയതുപോലെ കഴിഞ്ഞ ഒരു വർഷം ഞാൻ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയിൽ എന്നെ താങ്ങി നിർത്തിയത്. അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളിൽ ചിലർ ദിവസവും വിളിച്ചിരുന്നു. ചിലർ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാൻ തന്നെ തയാറായിരുന്നു. എന്നാൽ എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആരോഗ്യപ്രവർത്തകരാണ്.

ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോൾ, വിമൽ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

ഡോ. പവിത്രൻ, എന്റെ അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് പകച്ചുപോയ ഭയാനകമായ വിധിയിൽ ഞങ്ങൾക്ക് താങ്ങായി നിന്നതിനും നന്ദി. ഡോക്ടർ സുദീഷ് കരുണാകരൻ എന്റെ സംശയങ്ങൾക്ക് എപ്പോഴും മറുപടി നൽകുകയും എന്റെ അച്ഛനോട് വളരെ ബഹുമാനത്തോടും ആത്മാർഥതയോടും പെരുമാറാനും അദ്ദേഹത്തിനായി സമയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഇവരോടെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്നാൽ എല്ലാറ്റിനുമുപരിയായി, രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കിത്തരികയും മനസ്സിലാകാത്ത കാര്യങ്ങൾ പറഞ്ഞു തരുകയും സാധ്യമായ എല്ലാ ചികിത്സാരീതികളും വാഗ്ദാനം ചെയ്ത് പ്രതീക്ഷ തന്ന് കൂടെ നിന്ന എന്റെ പ്രിയപ്പെട്ട മാമന് (ഡോ. എം.വി. പിള്ള) എങ്ങനെ നന്ദി പറയണമെന്നറിയില്ല.

ഇവരെല്ലാം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഭയാനകമായ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാനും കഴിഞ്ഞത്. അച്ഛനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇവരോരോത്തരും എന്നെ സഹായിച്ചു.

അച്ഛന്റെ ചിതാഭസ്മം ഉൾക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോൾ അച്ഛൻ ഇനിയില്ല എന്നുള്ള സത്യം ഞാൻ മനസിലാക്കുന്നു എങ്കിലും അച്ഛൻ എന്നെന്നും എന്റെ ഹൃദയത്തിൽ തന്നെയുണ്ടാകും. അച്ഛൻ എന്നിൽത്തന്നെയുണ്ട് അല്ലെങ്കിൽ അച്ഛൻ തന്നെയാണ് ഞാൻ.

അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ വരികൾ കുറിച്ചുകൊണ്ട് യാത്രാമൊഴി ചൊല്ലട്ടെ “ചൽതേ ചൽത്തേ മേരേ യേ ഗീത് യാദ് രഖ്ന, കഭി അൽവിദ നാ കെഹ്ന, കഭി അൽവിദ നാ കെഹ്ന” !

pathram:
Related Post
Leave a Comment