സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്

സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻ്റെ പൊതു ആരോഗ്യമേഖലയെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഇ-ഹെൽത്ത് പദ്ധതി 50 ആശുപത്രികളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്.

ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടൽ സന്ദർശിച്ച് തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് നിശ്ചിത തീയതിയിൽ ആശുപതികളിലേക്കുള്ള അപ്പോയിൻ്റ്മെന്റ് എടുക്കാന്‍ സാധിക്കും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കും.

ഇ-ഹെല്‍ത്ത് പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ഒറ്റ നെറ്റ്വര്‍ക്കിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍, രോഗികള്‍ക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകള്‍ കൊണ്ടു നടക്കേണ്ടിവരില്ല. ടെസ്റ്റുകള്‍ ആവര്‍ത്തിച്ചു ചെയ്യേണ്ടിയും വരില്ല. രോഗനിര്‍ണ്ണയം മുതല്‍ ചികിത്സ നല്‍കല്‍ വരെ ഇതു വേഗത്തിലാക്കും. ഇതു വഴി പൊതുജനാരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ വിപ്ലവകരമായ മുന്നേറ്റം സാധ്യമാകും.

Similar Articles

Comments

Advertismentspot_img

Most Popular