‘ജന ഗണ മന’യുടെ ചിത്രീകരണം; എതിര്‍ പ്പുമായി വിദ്യാര്‍ഥികളും അധ്യാപകരും

മൈസൂരു: നഗരത്തിലെ മഹാരാജ കോളേജിൽ നടന്ന മലയാള സിനിമാ ചിത്രീകരണത്തിൽ എതിർപ്പുമായി അധ്യാപകരും വിദ്യാർഥികളും. പൃഥ്വിരാജ് നായകനായ ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണമാണ് എതിർപ്പിനിടയാക്കിയത്.

മൈസൂരു സർവകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളേജ്. ഞായറാഴ്ച മുതൽ ചിത്രീകരണം ആരംഭിച്ചിരുന്നു.

പ്രവൃത്തിദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. കോടതിരംഗമാണ് കോളേജ് കാമ്പസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. വരുമാനം ലഭിക്കാനായി കോളേജിൽ ചിത്രീകരണം നടത്താൻ സർവകലാശാല അനുമതി നൽകാറുണ്ട്.

എന്നാൽ, അധ്യയനദിവസങ്ങളിൽ ചിത്രീകരണം നടത്താൻ അനുമതി നൽകിയ സർവകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും നിലപാട്.

അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താൻ അനുവദിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും അവർ പറയുന്നു. അധ്യയനദിവസം സിനിമാചിത്രീകരണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ സർവകലാശാലയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

അതേസമയം, പ്രശ്നം കോളേജിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഉന്നയിച്ച് വിഷയത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. ക്ലാസുകൾ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണമെന്ന് സർവകലാശാല രജിസ്ട്രാർ പ്രൊഫ. ആർ. ശിവപ്പ പറഞ്ഞു. ഇതുസംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നൽകിയത്. ഭാഷാ വിവേചനമില്ലാതെ കോളേജ് സിനിമാ ചിത്രീകരണത്തിന് നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൈതൃക കെട്ടിടമായ മഹാരാജ കോളേജ് കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളുടെ പ്രിയപ്പെട്ട ചിത്രീകരണ കേന്ദ്രമാണ്. കോളേജ്, കോടതി, സർക്കാർ ഓഫീസ് എന്നിവയാണ് മഹാരാജ കോളേജിൽ പ്രധാനമായി ചിത്രീകരിക്കാറുള്ളത്.

അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ യുവരത്തണ എന്ന സിനിമയുടെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7