തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് ജയിൽമോചിതയായ സ്വപ്ന സുരേഷ് ബാലരാമപുരത്തെ വീട്ടിലെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് അമ്മ പ്രഭാ സുരേഷിനൊപ്പം സ്വപ്ന വീട്ടിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും കുറേകാര്യങ്ങൾ പറയാനുണ്ടെന്നും പ്രഭാ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പിന്നീട് പറയാമെന്നായിരുന്നു ജയിൽമോചിതയായ ഉടൻ സ്വപ്ന സുരേഷിന്റെയും പ്രതികരണം.
ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ജാമ്യനടപടികൾ പൂർത്തിയാക്കി സ്വപ്ന സുരേഷ് ജയിൽമോചിതയായത്. അമ്മ പ്രഭാ സുരേഷാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുപോകാനായി അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയത്. തുടർന്ന് ഇരുവരും കാറിൽ ബാലരാമപുരത്തെ വീട്ടിലെത്തി. ഇവരുടെ വാഹനം വീട്ടുവളപ്പിലേക്ക് പ്രവേശിച്ചയുടൻ തന്നെ വീടിന്റെ ഗേറ്റുകൾ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്നീട് പ്രതികരിക്കാമെന്ന് പ്രഭ സുരേഷ് പറഞ്ഞത്. ഒരുപക്ഷേ, അഭിഭാഷകരെ കണ്ടതിന് ശേഷമായിരിക്കും സ്വപ്ന മാധ്യമങ്ങളോട് പ്രതികരിക്കുക.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയിൽമോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരിൽ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വർണക്കടത്ത് കേസിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.