വിജയ് സേതുപതിയുടെ സഹായിയെ ആക്രമിച്ചത് മലയാളി; കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: നടന്‍ വിജയ് സേതുപതിയുടെ സഹായിയെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ആക്രമിച്ചത് മലയാളിയെന്ന് സ്ഥിരീകരണം. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ജോണ്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയ് സേതുപതിയും സഹായിയും സംഘവും ചെന്നൈയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതായിരുന്നു സംഘം.

നടനും സംഘവും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍തന്നെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോണ്‍സണ്‍ അടുത്തേക്ക് ചെന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിര്‍ത്തി.

തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി നടനും സംഘത്തിനും പിന്നാലെ വരികയും ആക്രമിക്കുകയുമായിരുന്നു. ജോണ്‍സണ്‍ നടന്റെ സഹായിയെ പിന്നില്‍നിന്ന് ചവിട്ടിയതിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.

സംഭവം നടന്നതിന് പിന്നാലെ ജോണ്‍സണ്‍ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രശ്‌നം അവിടെവെച്ചു തന്നെ പരിഹരിക്കപ്പെടുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7