120 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പഠിപ്പിച്ച പ്രധാനമന്ത്രി

രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു..! ഇന്ത്യയിൽ ഇന്ധനവില ആദ്യം 100 കടന്നതും രാജസ്ഥാനിൽത്തന്നെ. അന്ന് കേരളത്തിൽ 90 രൂപയായിരുന്നു പെട്രോൾ വില. അപ്പോൾ മലയാളികൾ വിചാരിച്ചു, അതങ്ങ് രാജസ്ഥാനിലല്ലേ. ഇവിടെ നൂറു രൂപയിലേക്കൊന്നും എന്തായാലും എത്താൻ പോകുന്നില്ല. അങ്ങനെ പാവം രാജനസ്ഥാനികളെ ഓർത്ത് സഹതപിച്ചും അവന്റെ ദുരവസ്ഥ ചർച്ച ചെയ്തും ഇരുന്ന മലയാളി ഇന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നത് 110 രൂപയ്ക്ക്. ഡീസലിന് കൊടുക്കുന്നത് 103 രൂപയും!

110ൽ പെട്രോൾ വില വെറും 43 രൂപ മാത്രം. 3 രൂപയോളം ഡീലർ കമ്മിഷനും ട്രാൻസ്‌പോർട്ടേഷൻ ചാർജും. ബാക്കി 64 രൂപയും നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാരും പിണറായി വിജയന്റെ കേരള സർക്കാരും ചേർന്നുള്ള നികുതി പിരിവാണ്. ഈ 64ൽ 37 രൂപയും ബിജെപിയുടെ നേതൃത്വത്തിലുള്ള മോദി സർക്കാരിലേക്കും 27 രൂപ ഇടതുപക്ഷം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിലേക്കും പോകുന്നു.

കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാം. ഒരു സ്‌കൂട്ടർ സ്വന്തമായുള്ളയാളും അതിൽ ദിവസേന ജോലിക്ക് പോകുന്ന ആളുമാണ് നിങ്ങളെന്നു കരുതുക. ഇരു വശങ്ങളിലേക്കുമായി ദിവസം 25 കിലോമീറ്ററെങ്കിലും വണ്ടി ഓടിക്കുന്ന ആളാണെങ്കിൽപോലും 70 രൂപയുടെ പെട്രോൾ പ്രതിദിനം വേണ്ടിവരും. അങ്ങനെ 30 ദിവസമാകുമ്പോൾ 2100 രൂപയ്ക്ക് ഇന്ധനം നിറയ്ക്കണം. ഇങ്ങനെ 2100 രൂപ നിങ്ങൾ പോക്കറ്റിൽനിന്ന് എടുത്തു കൊടുക്കുമ്പോൾ ശരിക്കും നിങ്ങൾക്ക് കിട്ടുന്നത് വെറും 895 രൂപയുടെ പെട്രോൾ മാത്രം. ബാക്കി 1205 രൂപയും നികുതി! ഇതിൽ 700 രൂപയിലധികം മോദി സർക്കാർ കൊണ്ടുപോകും. 500 രൂപയോളം പിണറായി സർക്കാരും!

ബിജെപി, കമ്യൂണിസ്റ്റ് ഭക്തർക്കും ഇതിൽ അമർഷമുണ്ടെങ്കിലും അവരത് പുറത്തു കാണിക്കുകയില്ല. എന്നു മാത്രമല്ല 110 രൂപയ്ക്ക് പെട്രോൾ അടിക്കുന്നതിന്റെ ഗുണഗണങ്ങൾ വിവരിക്കുകയും ചെയ്യും. ഇത് നികുതിപ്പണമല്ല, മോദിയുടേയും വിജയന്റെയും കരങ്ങൾക്ക് ശക്തി പകരുന്ന ഔഷധമാണെന്നാണ് അവർ ഹൃദയ വേദനയോടെയാണെങ്കിലും പറയുന്നത്. അവർക്കും സങ്കടമുണ്ട്. പക്ഷേ, പുറത്തു കാണിക്കുന്നില്ലെന്നേയുള്ളു. സാധാരണക്കാരൻ ഓരോവട്ടം പെട്രോൾ അടിക്കുമ്പോഴും ഇതിനു കാരണക്കാരായവൻ ‘തല പൊട്ടിത്തെറിച്ച് ചാകണേ’ എന്ന് ശപിക്കുമ്പോൾ പാർട്ടി അടിമകൾ മയത്തിൽ മന്ത്രിക്കും ‘ഇതിനു കാരണക്കാരായവൻ ശിരസ് പിളർന്ന് അന്തരിക്കണേ’ എന്നായിരിക്കുമെന്നു മാത്രം!

ഇങ്ങനെ ജനത്തെ കൊള്ളയടിക്കുന്ന പണം നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നെന്നാണ് പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത്. കോവിഡ് കാലമായതിനാൽ മറ്റു വരുമാനങ്ങൾ കുറഞ്ഞെന്നും ഈ പണംകൊണ്ടാണ് കാര്യങ്ങൾ കുഴപ്പമില്ലാതെ ഓടിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. കോവിഡിൽ ജനം ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ വാക്‌സിൻ സൗജന്യമായി കൊടുക്കാൻ പറ്റില്ലെന്നു പറഞ്ഞിട്ടുണ്ട് ഇതേ മോദി സർക്കാർ. വാക്‌സിൻ സൗജന്യമാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സുപ്രീം കോടതി ഇടപെട്ടപ്പോൾ കേന്ദ്രം അറിയിച്ചത്. ഇതു പറയുന്ന സമയം മറ്റൊരു വശത്ത് 20000 കോടി രൂപ ചിലവിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി തകൃതിയായി നടക്കുന്നുമുണ്ടായിരുന്നു..!

പെട്രോൾ വില 200ൽ എത്തിയാൽ ഇരു ചക്ര വാഹനങ്ങളിൽ 3 പേരെ വീതം യാത്ര ചെയ്യാനനുവദിക്കും എന്നാണ് മറ്റൊരു ബിജെപി നേതാവായ വിദ്വാൻ പറഞ്ഞത്. ഇനി അതായിരിക്കുമോ പ്രധാനമന്ത്രി പറഞ്ഞ അച്ചാ ദിൻ!!!

Read also: കേരള കത്തോലിക്കാ സഭയുടെ തല ബിജെപിയുടെ കക്ഷത്തിലോ..?

pathram:
Related Post
Leave a Comment