കേരള കത്തോലിക്കാ സഭയുടെ തല ബിജെപിയുടെ കക്ഷത്തിലോ..?

റോമിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തുന്ന കാര്യത്തില്‍ കഴിഞ്ഞയാഴ്‌ച വരെ സ്ഥിരീകരണമുണ്ടായിരുന്നില്ല. കൂടിക്കാഴ്‌ചയ്‌ക്ക്‌ ശ്രമിക്കുന്നു, വത്തിക്കാന്റെ ഭാഗത്തുനിന്ന്‌ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നായിരുന്നു ഔദ്യോഗികമായി ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. അതിനിടെ, 26ാം തീയതി കേരള കത്തോലിക്കാ സഭ സുപ്രധാനമായ ആ വാര്‍ത്ത പുറത്തു വിടുന്നു. ഒക്ടോബര്‍ 30ന്‌ മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്‌ച നടത്തും എന്ന്.

രാജ്യത്തിന്റെ ഔദ്യോഗിക മേഖലയില്‍നിന്ന്‌ ഇങ്ങനൊരു വാര്‍ത്ത വരും മുമ്പ്‌, മാര്‍പാപ്പ-മോദി കൂടിക്കാഴ്‌ച നടക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്യാവേശപൂര്‍വം കേരള കത്തോലിക്കാ സഭ പുറത്തുവിട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്തായിരിക്കും? മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്താന്‍ മോദി താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വത്തിക്കാനാണ്‌ സ്ഥിരീകരണം നല്‍കാതിരുന്നത്‌. അങ്ങനെ അനശ്ചിതത്വത്തില്‍ നിന്ന കൂടിക്കാഴ്‌ച നടക്കാന്‍ വത്തിക്കാനില്‍ കേരള സഭ ഇടപെടലുകള്‍ എന്തെങ്കിലും നടത്തിയോ? നടത്തിയെങ്കില്‍ എന്തിനായിരിക്കും?
സഭാ നേതൃത്വം ഔദ്യോഗികമായി ഇതിനു നല്‍കിയ വിശദീകരണം ഇങ്ങനെയാണ്‌. മോദി- മാര്‍പാപ്പ കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയം കാണണ്ട..!!

അതിനൊപ്പം അവര്‍ അനൗദ്യോഗിമായി മറ്റു ചിലതും സൂചിപ്പിച്ചു. ഇന്ത്യയില്‍ ക്രിസ്‌ത്യാനികള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷ സമൂഹത്തില്‍നിന്ന്‌ മുമ്പെന്നത്തേക്കാളും ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ഇക്കാര്യത്തില്‍ മാര്‍പാപ്പായുടെ ഇടപെടല്‍ കൂടിക്കാഴ്‌ചയില്‍ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. കേരള കത്തോലിക്കാ സഭയുടേത് തികച്ചും സദുദേശപരമായ തീരുമാനമെന്നേ ഈ ഘട്ടത്തില്‍ തോന്നൂ.

ഇനിയാണ്‌ ട്വിസ്‌റ്റ്‌. ഉത്തര്‍ പ്രദേശുള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കന്യാസ്‌ത്രീകള്‍ക്കു നേരേ അടുത്ത കാലത്ത്‌ പല ആക്രമണങ്ങളും ഉണ്ടായി. കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ സ്ഥാപനങ്ങളുടെ മാത്രം പ്രത്യേക കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. 1999ല്‍ ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയ്‌ന്‍സിനെയും ഭാര്യയെയും രണ്ടു മക്കളേയും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പച്ചയ്‌ക്ക്‌ കത്തിച്ചു കൊല്ലുമ്പോള്‍ രാജ്യം ഭരിച്ചിരുന്നത്‌ അദല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരായിരുന്നു. അന്നു മുതല്‍ ഇങ്ങോട്ട്‌ കേന്ദ്രത്തിലോ സംസ്ഥാനത്തോ, ബിജെപി അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം ഇത്തരം പീഡനങ്ങള്‍ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഇക്കാര്യം നന്നായറിയാവുന്ന ഒരാള്‍ പ്രധാനമന്ത്രി മോദി തന്നെയാണ്‌. ആ മോദിയെ മാര്‍പാപ്പ ഉപദേശിച്ച്‌ നന്നാക്കുമെന്നാണോ കേരളാ സഭാ നേതൃത്വം കരുതുന്നത്‌..? അതോ തലയില്‍ കൈവച്ച്‌ പ്രാര്‍ഥിച്ച്‌ മനം മാറ്റം ഉണ്ടാക്കുമെന്നോ..?

അത്രയ്ക്കു ബുദ്ധിശൂന്യരല്ല കേരളത്തിലെ സഭാ നേതൃത്വം. യേശു ക്രിസ്‌തു നേരിട്ടു വന്നു പറഞ്ഞാലും മത വിരോധികള്‍ കേള്‍ക്കാന്‍ പോകുന്നില്ലെന്നും സഭയ്‌ക്കറിയാം. പിന്നെന്തായിരിക്കും സഭയ്‌ക്കു പെട്ടെന്നുണ്ടായ ബിജെപി സ്‌നേഹത്തിനു കാരണം…?
അവിടെയാണ്‌ കേരള കത്തോലിക്കാ സഭയുടെ പവര്‍ ഹൗസായ എറണാകുളം- അങ്കമാലി അതിരൂപത നടത്തിയ ഭൂമി ഇടപാടിന്റെ പ്രസക്തി.

ഇടപാടില്‍ ഏറെ ‘ഫൗള്‍ പ്ലേ’ കള്‍ നടന്നിട്ടുണ്ടെന്ന്‌ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. സ്ഥലം വില്‍പനയില്‍ വന്‍തോതില്‍ കള്ളപ്പണ ഒഴുക്ക്‌ നടന്നിട്ടുണ്ട്‌ എന്നും കണ്ടെത്തിയിട്ടുണ്ട്‌. അതോടെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിലേക്കും കേസ്‌ എത്തി. എത്തിയതാണോ അതോ ‘തത്‌പര കക്ഷികള്‍’ എത്തിച്ചതാണോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. എന്തായാലും ഇഡിയുടെ പ്രതിപ്പട്ടികയുടെ മുന്‍പന്തിയിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുണ്ട്‌. കര്‍ദിനാള്‍ മാത്രമല്ല, സഭയിലെ പല ഉന്നതരും ഉണ്ട്‌.

ഞാന്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റല്ല ഒരു അന്വേഷണ ഏജന്‍സിയും എന്നെ ഒരു ചുക്കും ചെയ്യില്ല എന്ന്‌ കഴിഞ്ഞ ദിവസമാണ്‌ മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപിയുടെ എംപി സഞ്‌ജയ്‌ പാട്ടീല്‍ പറഞ്ഞത്‌. ഇത്തരം പ്രസ്‌താവനകള്‍ ഇതിനു മുമ്പും ബിജെപി നേതാക്കളില്‍നിന്ന്‌ വന്നിട്ടുണ്ട്‌. അപ്പോള്‍ ഇഡിയെ പേടിക്കണം. പേടിക്കണോ, പേടിക്കണമെങ്കില്‍ എത്രമാത്രം പേടിക്കണമെന്നെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നു മാത്രം.

അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ, കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ജയിലിലായ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനായി അദേഹം കിടന്ന പാലാ സബ്‌ജയിലിനു മുന്നിലെ ടാര്‍ റോഡില്‍ പൊരിവെയിലില്‍ കൈവിരിച്ചു നിന്നു ‘പ്രതിഷേധ പ്രാര്‍ഥന’ നടത്തിയ ഇടയന്‍മാരുടേയും വിശ്വാസികളുടേയും നാടാണിത്‌.

എന്നാല്‍, കന്യാസ്‌ത്രീകള്‍ വടക്കേയിന്ത്യയില്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത കേട്ടിട്ടും സഭ അപലപിക്കാന്‍ പോലും തയാറാകുന്നില്ല.
കാത്തലിക്‌ ഫോറം എന്നൊരു സംഘടന ഇന്നാട്ടിലുണ്ട്‌. അതിന്റെ തലപ്പത്തിരിക്കുന്ന കെന്നഡി കരിമ്പുംകാലാ എന്ന യോഗ്യന്‍ മീഡിയ വണ്‍ ചാനലില്‍ ചര്‍ച്ചയ്‌ക്ക്‌ വന്നിരുന്നിട്ട്‌ പറഞ്ഞതെന്തെന്നോ… വടക്കേ ഇന്ത്യയില്‍ കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ടെന്നോ…? എങ്കില്‍ അതേക്കുറിച്ച്‌ പഠിച്ചശേഷം പ്രതികരിക്കാം എന്ന്‌…

അതുപോലെ, ജയിലിൽ നരകയാതന അനുഭവിച്ച് ഈ ലോകത്തുനിന്നും യാത്രയായ ഫാ സ്റ്റാന്‍ സ്വാമിയുടെ കാര്യം വന്നപ്പോള്‍ എവിടെയായിരുന്നു ഈ ഇടയന്‍മാരുടെ പ്രതിഷേധം. എവിടെയായിരുന്നു ഈ സഭയുടെ പ്രാര്‍ഥനകള്‍?

അല്‍പകാലം മുമ്പ്‌ നടന്ന ഒരു സംഭവം ഓര്‍മിപ്പിക്കാം. സഭയുടെ പടവാളായി കരുതിയിരുന്ന ദീപിക ദിനപ്പത്രത്തെ ചില അഭിവന്ദ്യര്‍ ചേര്‍ന്ന്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറിന്റെ പാളയത്തിലെത്തിച്ചു. ഒടുവില്‍ ഊരാക്കുടുക്കിലായ സഭ ആ സ്‌ഥാപനം തിരിച്ചു പിടിക്കാന്‍ ചില്ലറ കഠിനാധ്വാനവും പണവുമല്ല ചെലവാക്കിയത്‌. ഇക്കാര്യം സഭയുടെ തലപ്പത്തിരിക്കുന്നവര്‍ ഒര്‍ത്താല്‍ നന്ന്‌. വസ്‌തു ഇടപാടില്‍ തെറ്റു ചെയ്‌തവരുണ്ടെങ്കില്‍ അവര്‍ അഴിയെണ്ണട്ടെ. അല്ലാതെ കേരള കത്തോലിക്കാ സഭയെ മൊത്തത്തില്‍ ബിജെപിയുടെ കാല്‍ച്ചുവട്ടില്‍ വയ്‌ക്കുകയല്ല വേണ്ടത്‌.

Read also: 120 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പഠിപ്പിച്ച പ്രധാനമന്ത്രി

pathram:
Leave a Comment