ന്യൂഡൽഹി: ബൂത്തുതലം മുതൽ അഴിച്ചുപണിയാൻ ബി.ജെ.പി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വം. സംഘടനയെ കൂടുതൽ ഊർജസ്വലമാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനും നിർദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളടക്കം അടങ്ങിയ റിപ്പോർട്ട് സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ബുധനാഴ്ച കൈമാറി. ഇതിന്റെയടക്കം അടിസ്ഥാനത്തിൽ സംഘടനാ പരിഷ്കരണം വേഗത്തിലുണ്ടാവുമെന്നാണ് സൂചന.
സുരേഷ് ഗോപിയെ മുൻനിർത്തി സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ജനകീയമാക്കാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നതായുള്ള വാർത്തകൾ ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ. സുരേന്ദ്രൻ തള്ളി. ‘സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയാനില്ല. അധ്യക്ഷപദം ഏറ്റെടുത്തകാലം മുതൽ മാധ്യമങ്ങൾ തന്നെ മാറ്റാൻ തുടങ്ങിയതാണ്’ -സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി.യുടെ പ്രവർത്തനങ്ങളെക്കുറിച്ച് തുടർച്ചയായ ഇടവേളകളിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായ സന്ദർശനം മാത്രമാണിത്. ബൂത്തുതലം മുതൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബഹുജനാടിത്തറ ശക്തമാക്കാൻ മുന്നണി വിപുലപ്പെടുത്തുന്നതിനും ചർച്ചകൾ നടത്തും. പുതിയ പാർട്ടികൾ ഉടനെ വരുന്നതിനുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല.
കേരളത്തിലെ പിണറായി സർക്കാരിന്റെ പൊതുവിഷയങ്ങളിലെ സമീപനം, കോവിഡ് വ്യാപ്തിയെക്കുറിച്ചുള്ള ആശങ്ക, വർഗീയ സംഘടനകളോടുള്ള സർക്കാരിന്റെ മൃദുസമീപനം എല്ലാം വിഷയമാക്കി പ്രചാരണം നടത്തും. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗൗരവപൂർവം ചർച്ചചെയ്യണമെന്ന നയമാണ് പാർട്ടിക്കുള്ളത്. എന്നാൽ, ബിഷപ്പിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി. മുസ്‌ലിം സംഘടനകൾ യോഗം ചേർന്ന് വലിയ പ്രചാരണങ്ങൾക്ക് മുൻകൈ എടുക്കുകയാണ്. ഈഴവ ജിഹാദ് എന്ന സംഭവം കേരളത്തിലില്ല. മുസ്‌ലിം ജിഹാദ് പാലാ ബിഷപ്പുണ്ടാക്കിയതല്ല, ലോകം മുഴുവനുമുണ്ട് -സുരേന്ദ്രൻ പറഞ്ഞു.