പഞ്ചാബില്‍ എഎപി വലിയ ഒറ്റക്കക്ഷിയാകും; നാല് സംസ്ഥാനങ്ങള്‍ ബിജെപി നിലനിര്‍ത്തുമെന്ന് അഭിപ്രായ സർവേ

ന്യൂഡല്‍ഹി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ ഫലം. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരത്തില്‍ തുടരുമെന്നും എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസും ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയുമാണ് നിലവില്‍ ഭരണത്തില്‍.

നാല് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുകയാണ്. പഞ്ചാബില്‍ പ്രമുഖ ശക്തിയായി പാര്‍ട്ടിക്ക് വളരാനായെങ്കിലും ഗോവ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ എഎപിക്ക് വേരുറപ്പിക്കാനായിട്ടില്ല. ഇതിനായി കഠിന പരിശ്രമത്തിലാണ് അവര്‍. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാകട്ടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് കണക്കാക്കപ്പെടുന്നതും.

പഞ്ചാബ്

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 51 മുതല്‍ 57 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്ന് അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 38 മുതല്‍ 46 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രവചിക്കുമ്പോള്‍, ശിരോമണി അകാലിദള്‍ 16-24 സീറ്റുകളും ബിജെപിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ മാത്രമാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്. സി വോട്ടര്‍ സര്‍വേ പ്രകാരം ആം ആദ്മിയുടെ വോട്ട് വിഹിതം 35.1 ശതമാനവും കോണ്‍ഗ്രസിന് 28.8 ശതമാനവും എസ്എഡിക്ക് 21.8 ശതമാനവും ബിജെപിയുടേത് 7.3 ശതമാനവും ആയിരിക്കും.

ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ആര് എന്നുള്ള ചോദ്യത്തിന് 18 ശതമാനം ആളുകള്‍ നിലവിലെ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുമ്പോള്‍ 22 ശതമാനം പേരും അരവിന്ദ് കെജ് രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. 19 ശതമാനം പേര്‍ക്ക് സുഖ്ബീര്‍ ബാദലിനെയും 16 ശതമാനം ഭഗവന്ത് മാനിനെയും 15 ശതമാനം നവജ്യോത് സിംഗ് സിദ്ദുവിനെയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ട്.

ആകെ സീറ്റ് – 117
ആം ആദ്മി പാര്‍ട്ടി – 51-57
കോണ്‍ഗ്രസ് – 38-46
ശിരോമണി അകാലി ദള്‍ – 16-24
ബിജെപി – 0-1
ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്ക് 42 ശതമാനം വോട്ടും പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് 30 ശതമാനവും ബിഎസ്പിക്ക് 16 ശതമാനവും കോണ്‍ഗ്രസിന് 5 ശതമാനവും മറ്റുള്ളവര്‍ക്ക് 7 ശതമാനവും വോട്ട് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏറ്റവും ശ്രദ്ധയേറിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്ന വിജയം നേടുമെന്ന സൂചനയാണ് സര്‍വേ ഫലം നല്‍കുന്നത്. 253 മുതല്‍ 267 വരെ സീറ്റുകള്‍ നേടി 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമ്പോള്‍ എസ്പിക്ക് 109-117, ബിഎസ്പി 12-16, കോണ്‍ഗ്രസ് 3-7, മറ്റുള്ളവര്‍ 6-10 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

ആകെ സീറ്റ് – 403
ബിജെപി – 253-267
എസ്പി – 109-117
ബിഎസ്പി – 12-16
കോണ്‍ഗ്രസ് – 3-7
മറ്റുള്ളവര്‍ – 6-10
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 43 ശതമാനം വോട്ടും കോണ്‍ഗ്രസിന് 23 ശതമാനവും ആം ആദ്മി പാര്‍ട്ടിക്ക് 6 ശതമാനവും മറ്റുള്ളവര്‍ക്ക് 4 ശതമാനവും വോട്ടും ലഭിച്ചേക്കാമെന്ന് സര്‍വേ പ്രവചിക്കുന്നു. ആകെയുള്ള 70 നിയമസഭാ സീറ്റുകളില്‍ ഭരണകക്ഷിയായ ബിജെപി 44 മുതല്‍ 48 നേടി അധികാരം നിലനിര്‍ത്തിയേക്കും. കോണ്‍ഗ്രസിന് 19 മുതല്‍ 23 വരെ സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് 0 മുതല്‍ 4 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 0 മുതല്‍ 2 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡില്‍ 30 ശതമാനം ആളുകളും ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. 23 ശതമാനം ആളുകള്‍ പുഷ്‌കര്‍ സിംഗ് ധാമിയെ പിന്തുണയ്ക്കുന്നു. 19 ശതമാനം അനില്‍ ബാലുനി, 10 ശതമാനം കേണല്‍ കൊതിയല്‍, 4 ശതമാനം സത്പാല്‍ മഹാരാജ്, 14 ശതമാനം ആളുകള്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നു.

ആകെ സീറ്റ് – 70
ബിജെപി – 44-48
കോണ്‍ഗ്രസ്- 19-28
ആം ആദ്മി പാര്‍ട്ടി- 0-4
മറ്റുള്ളവര്‍- 0-2
ഗോവ

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 39 ശതമാനം വോട്ടും കോണ്‍ഗ്രസിന് 15 ശതമാനവും ആം ആദ്മിക്ക് 22 ശതമാനവും മറ്റുള്ളവര്‍ക്ക് 24 ശതമാനവുമാണ് സര്‍വെയില്‍ പ്രവചിക്കുന്നത്. 40 നിയമസഭാ സീറ്റുകളുള്ള ഗോവയില്‍ ബിജെപി 22 മുതല്‍ 26 വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തിയേക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 3-7 സീറ്റുകളില്‍ ചുരുങ്ങുമ്പോള്‍ ആം ആദ്മി 4 മുതല്‍ 8 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം. മറ്റുള്ളവര്‍ 3-7 സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.

ആകെ സീറ്റ് – 40
ബിജെപി – 22-26
ആം ആദ്മി പാര്‍ട്ടി – 4-8
കോണ്‍ഗ്രസ് – 3-7
മറ്റുള്ളവര്‍ – 3-7
മണിപ്പൂര്‍

മണിപ്പൂരില്‍ ബിജെപിക്ക് 40 ശതമാനത്തോളം വോട്ടുകള്‍ ലഭിച്ചേക്കാമെന്നും കോണ്‍ഗ്രസിന് 35 ശതമാനം വോട്ടും എന്‍പിഎഫിന് 6 ശതമാനം വോട്ടും നേടിയേക്കാമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്. ആകെയുള്ള 60 സീറ്റുകളില്‍ ബിജെപിക്ക് 32 മുതല്‍ 36 സീറ്റുകളും കോണ്‍ഗ്രസ് 18 മുതല്‍ 26, എന്‍പിഎഫ് 2 മുതല്‍ 6ഉം മറ്റുള്ളവര്‍ക്ക് 0-4 സീറ്റുകളും ലഭിച്ചേക്കാം. മണിപ്പൂരിലും ബിജെപി അധികാരം നിലനിര്‍ത്തിയേക്കാമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ആകെ സീറ്റ് – 60
ബിജെപി – 32-36
കോണ്‍ഗ്രസ്- 18-26
എന്‍പിഎഫ്- 2-6
മറ്റുള്ളവര്‍- 0-4

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7