കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ കോടതി നടപടികളില്‍ നാടകീയ സംഭവങ്ങള്‍. കേസിലെ പ്രതി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ അഭിഭാഷകനെ മാറ്റാന്‍ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വ. ആളൂരിന്റെ ജൂനിയര്‍ ഇന്നലത്തെ കോടതി നടപടികളില്‍ പങ്കെടുത്തതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്.
കേസ് നിലവില്‍ പരിഗണിക്കുന്ന ശാസ്താംകോട്ട മജിസ്‌ട്രേട്ട് കോടതിയിലാണ് അഭിഭാഷകനെ മാറ്റാന്‍ അനുവാദം തേടി അപേക്ഷിച്ചത്. അഡ്വ. സി. പ്രതാപചന്ദ്രന്‍ പിള്ള, അഡ്വ. ഷൈന്‍ എസ് പട്ടംതുരുത്ത് എന്നിവരെ പകരം നിയോഗിക്കാനും കോടതി അനുവദിച്ചു. ഇതനുസരിച്ചു മജിസ്‌ട്രേട്ട് കോടതിയിലേക്കും കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയിലേക്കുമുള്ള വക്കാലത്ത് കിരണ്‍കുമാറില്‍ നിന്ന് ഒപ്പിട്ടു സമര്‍പ്പിക്കുകയും ചെയ്തു.
ഇന്നലെ സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അഡ്വ. സി. പ്രതാപചന്ദ്രന്‍പിള്ള ഹാജരായി കേസ് പഠിക്കാന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് എതിര്‍ത്തതുമില്ല.
ഇതേസമയം അഡ്വ. ആളൂരിന്റെ ജൂനിയറും ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ പങ്കെടുത്തു. ലഭ്യമായ രേഖകള്‍ പ്രകാരം അഭിഭാഷകനെ മാറ്റിയതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. അഡ്വ. ആളൂരിന്റെ ജൂനിയര്‍ പിന്നീട് ഇടപെട്ടതുമില്ല. കേസ് ഇനി 31നു പരിഗണിക്കും.