ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ മകനെയാണ് യമുനയും ഭര്‍ത്താവും കൊലപ്പെടുത്തിയതെന്നും കുട്ടിയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് ഓവുചാലില്‍ തള്ളിയെന്നും പോലീസ് പറഞ്ഞു. ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണ്.
സഹോദരന്റെ മകനോട് തന്റെ മാതാവിനുള്ള അമിത സ്‌നേഹത്തില്‍ യമുനയ്ക്ക് പകയുണ്ടായിരുന്നു. കുട്ടിയെ സ്‌നേഹിക്കുന്നത് പോലെ മാതാവ് തന്നെ സ്‌നേഹിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
ഭര്‍ത്താവിന്റെ സഹായത്തോടെയാണ് യമുന കൊലപാതകം നടത്തിയത്. രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ഇരുവരും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കാന്‍ പഞ്ചാബി ഭാഗിലെ വൃത്തിഹീനമായ ഓവുചാലില്‍ കുട്ടിയെ മുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ഓവുചാലില്‍ തള്ളി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ ഇരുവരെയും മണിക്കൂറുകള്‍ക്കകം പിടികൂടുകയും ചെയ്തു. അതിനിടെ, വെള്ളംനിറഞ്ഞ ഓവുചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ പോലീസും അധികൃതരും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനായത്.