കൊച്ചി: നഗരത്തിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെയാണ് മുൻപരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മർദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പീഡനം.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മാർട്ടിൻ, ഫ്ലാറ്റിൽനിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മർദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു.
ഭക്ഷണം വാങ്ങുന്നതിനായി മാർട്ടിൻ പുറത്തുപോയപ്പോഴാണ് യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപെട്ടത്. ഒളിവിൽ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാർട്ടിൻ നിരന്തരം വിളിച്ചതോടെ പൊലീസിൽ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് മാർട്ടിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപെട്ടു. അതേസമയം, പീഡനത്തിനും മർദനത്തിനും പുറമെ യുവതിയിൽനിന്ന് ഇയാൾ പണവും തട്ടിയെടുത്തിട്ടുണ്ട്. ഷെയർമാർക്കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. മാസം 40,000 രൂപ വീതം തിരികെ നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ ഇതുണ്ടായില്ല.
സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാർട്ടിൻ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക്ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ ജാമ്യം തേടി മാര്‍ട്ടിൻ കോടതിയെ സമീപിച്ചിരുന്നു. ബലാൽസംഗം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.