കവരത്തി : ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത മാസം 5ന് കമ്മിറ്റി ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കും. അതേസമയം ദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കപ്പല്‍, വിമാന സര്‍വീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കരവത്തി കളക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കും. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ദ്വീപില്‍ എയര്‍ ആംബുലന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിച്ചിരുന്നു.
അതേസമയം, ദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.പി ഹൈബി ഈഡനാണ് ദ്വീപില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്. സൂക്ഷിക്കുക, ലക്ഷദ്വീപിന് ഇന്റര്‍നെറ്റ് ബന്ധം നഷ്ടമായേക്കാമെന്ന ഒറ്റവരി പോസ്റ്റാണ് ഹൈബി ഈഡന്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.