വാട്‌സാപ് ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തിയേക്കാം, സക്കർബർഗിന് മുന്നിലുള്ളത് വൻ വെല്ലുവിളി!

കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ചില സുപ്രധാന മാറ്റങ്ങളിയിരിക്കും കൊണ്ടുവരിക. ഇവ നിലവില്‍ വന്നു കഴിഞ്ഞുവെന്ന നിലപാടിലാണ് സർക്കാർ. ഇതിനാല്‍ തന്നെ, ഇത്രയും നാളത്തെ സമൂഹ മാധ്യമ ഉപയോഗം പോലെയായിരിക്കില്ല ഇനിയുള്ള കാലം എന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഓരോരുത്തരും അറിഞ്ഞുവയ്‌ക്കേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഇന്റര്‍മീഡിയറി റൂള്‍സ് 2021നെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസു നല്‍കിയിരിക്കുകയാണ്. ഇതുവരെ എടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനമെങ്കില്‍ വാട്‌സാപ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തന്നെയാണ് തെളിയുന്നത്. പുതിയ നിയമങ്ങള്‍ വാട്‌സാപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങി പല സേവനങ്ങളെയും ബാധിക്കും. ഇനിമേല്‍ ഒരു പോസ്റ്റ് ആരാണ് ആദ്യം നടത്തിയതെന്ന കാര്യം സർക്കാർ ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കണം എന്നതാണ് ഇതിലെ ഏറ്റവും വിവാദ വകുപ്പ്. അതെ, ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെ മേധാവിയായ മാർക്ക് സക്കർബർഗിന് മുന്നിലുള്ള വൻ വെല്ലുവിളിയാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മിക്കവരും വീക്ഷിക്കുന്നത്. ഇതില്‍ സാങ്കേതികമായി എന്തു പ്രശ്‌നമാണിരിക്കുന്നത് എന്നും പരിശോധിക്കാം.

ഒരു സന്ദേശം ആരാണ് ആദ്യം പോസ്റ്റു ചെയ്തത് എന്നതിന്റെ ചുവടുപിടിച്ചുപോകല്‍ (traceability) ആണ് വിവാദമെന്നു പറഞ്ഞല്ലോ. വ്യക്തിയുടെ ചെയ്തികളിലേക്ക് കടുന്നുകയറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, അത് അയാളുടെ സ്വകാര്യതാ പരിരക്ഷയുടെ ലംഘനമായിരിക്കുമെന്നുമാണ് വാട്‌സാപ് വാദിക്കുന്നത്. എന്നാല്‍, വാട്‌സാപ്പിന്റെ ഈ വാദം ധിക്കാരമാണെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സ്വകാര്യതയൊക്കെ സംരക്ഷിക്കണമെങ്കിലും അതിന് ചില പരിമിതികള്‍ ഉണ്ടായിരിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്തായാലും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ അനുസരിച്ചോളാമെന്ന് ഫെയ്‌സ്ബുക്കും ആ കുടുംബത്തിലുള്ള വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളും ട്വിറ്ററും ഇതുവരെ സമ്മതിച്ചിട്ടില്ല. വലിയൊരു ശതമാനം ഇന്ത്യക്കാരും ഈ കമ്പനികളുടെ ഏതെങ്കിലും സേവനം ആസ്വദിക്കുന്നവരാകയാല്‍ പുതിയ നിയമങ്ങളും അവയെ കമ്പനികള്‍ കാണുന്ന രീതിയും ഒരോരുത്തരെയും ബാധിച്ചേക്കാം.

പുതിയ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് വാട്‌സാപ് മേയ് 25നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസു നല്‍കിയത്. പുതിയ നയം അംഗീകരിക്കാനുള്ള അവസാന ദിനവും അന്നായിരുന്നു. തങ്ങളുടെ വാദം സമര്‍ഥിക്കാനായി വാട്‌സാപ് ഉയര്‍ത്തുന്നത് 2017ലെ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടന്ന കേസിലെ പരാമര്‍ശങ്ങളാണ്. കമ്പനി കോടതിയോടു പറയുന്നത് രണ്ടു പ്രധാന കാര്യങ്ങളാണ്. ഒന്ന് ചുവടുപിടിച്ചുപോകല്‍ നടപ്പാക്കരുത്. രണ്ട് തങ്ങളുടെ ജോലിക്കാര്‍ക്കെതിരെ അതിന്റെ പേരില്‍ കേസെടുക്കരുത്.

.
• വാട്‌സാപ്പില്‍ മാറ്റം നടക്കാത്ത കാര്യമാണെന്ന്
ചുവടുപിടിച്ചുപോകല്‍ സാങ്കേതികവിദ്യാപരമായി പ്രാവര്‍ത്തികമാക്കാനാവില്ല എന്നാണ് വാട്‌സാപ് പറയുന്നത്. നിയമം നടപ്പിലായാൽ വാട്‌സാപ്പിനെ പ്രിയങ്കരമാക്കിയ എന്‍ഡ്-ടു-എന്‍ഡ് (ഇ2ഇ) എന്‍ക്രിപ്ഷന്‍ ഇല്ലാതാകും. അതോടെ ഉപയോക്താവിന്റെ സ്വകാര്യത ഇല്ലാതാകും. ഇതു കൂടാതെ സംഭാഷണസ്വാതന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവും കുറയും. ഇ2ഇ വാട്‌സാപ്പില്‍ സദാ പ്രവര്‍ത്തിക്കുന്നു. ഇതു നടത്തണമെങ്കില്‍ വാട്‌സാപ് വേറെ രീതിയില്‍ ക്രമീകരിക്കണം. അതു നടക്കാത്ത കാര്യമാണെന്ന നിലപാടാണ് വാട്‌സാപ് ഈ നിമിഷം വരെ കൈക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ഭാവമെങ്കില്‍ വാട്സാപ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സാഹചര്യം വരാം. അമേരിക്കന്‍ കമ്പനിയായ വാട്‌സാപ് പുതിയ ചുവടുപിടിച്ചുപോകല്‍ അംഗീകരിച്ച് മുന്നോട്ടുപോകുന്നതിനെതിരെ സ്വന്തം രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നേക്കാം.

• പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ അദ്ഭുതപ്പെടേണ്ട

ചൈനയ്ക്കായി പുതിയ ഗൂഗിള്‍ സേര്‍ച് എൻജിന്‍ പുറത്തിറക്കാന്‍ ശ്രമിച്ചതോടെ അമേരിക്കയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതും സുന്ദര്‍ പിച്ചൈ നയിക്കുന്ന ഗൂഗിളിന് അത് പിന്‍വലിക്കേണ്ടതായി വന്ന കാര്യവും ഓര്‍മയില്‍ വയ്ക്കാം. ചുവടുപിടിച്ചുപോകല്‍ ഇല്ലാത്ത വാട്‌സാപ് പുറത്തിറക്കാൻ ശ്രമിച്ചാല്‍ അതിനെതിരെ കടുത്ത പ്രതിഷേധം അമേരിക്കയില്‍ തന്നെ ഉണ്ടായേക്കും. പുതിയ നിയമങ്ങള്‍ അനുസരിക്കണമെങ്കില്‍ ഇന്ത്യയ്ക്കു മാത്രമായി പുതിയ വാടാസാപ് വേര്‍ഷന്‍ ഉണ്ടാക്കിവേണം ചുവടുപിടിച്ചുപോകല്‍ പ്രാവര്‍ത്തികമാക്കാന്‍. അതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇ2ഇ ഇല്ലാതാകും. അത്തരം ഒരു ആപ് പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ അമേരിക്കന്‍ ജനതയ്ക്കും, ടെക്‌നോളജി മേഖലയ്ക്കും എതിര്‍പ്പുണ്ടാകാം.

• കുറച്ചു നിയന്ത്രണങ്ങളൊക്കെ കൊണ്ടുവരാമെന്ന് വാട്‌സാപ്

അല്‍പം നിയന്ത്രണങ്ങളൊക്കെ കൊണ്ടുവരാമെന്ന് വാട്‌സാപ് സമ്മതിക്കുന്നുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും സ്വകാര്യത ഇല്ലാതാക്കുന്ന പരിഷ്‌കാരത്തിന് നിന്നുകൊടുക്കാൻ തയാറല്ലെന്ന വ്യക്തമായ നയമാണ് ഈ നിമിഷം വരെ വാട്‌സാപ് കൈക്കൊണ്ടിരിക്കുന്നത്. സ്വകാര്യത ഇല്ലാതാക്കിയാല്‍ അത് മനുഷ്യാവകാശ ലംഘനമാണ്. നിഷ്‌കളങ്കരായ ആളുകളെ അപകടത്തിലാക്കുമെന്നും വാട്‌സാപ് പറയുന്നു.
• പിന്തുടര്‍ന്നുപോകല്‍ എന്നു പറഞ്ഞാല്‍ ഡേറ്റാ ശേഖരണ ധാരാളിത്തം

ആരാണ് ഒരു മെസേജ് ആദ്യം പോസ്റ്റു ചെയ്തത് എന്നറിയണമെങ്കില്‍ വാട്‌സാപ്പില്‍ പോസ്റ്റു ചെയ്യുന്ന ഓരോ സന്ദേശത്തെക്കുറിച്ചും തങ്ങള്‍ അറിയണമെന്നാണ്. എല്ലാ സന്ദേശങ്ങളുടെയും ലോഗ് സൂക്ഷിച്ചാല്‍ മാത്രമെ അതു സാധ്യമാകൂ. ഇ2ഇ ഉണ്ടെങ്കില്‍ അതു സാധിക്കില്ല. ഒരു സന്ദേശം കണ്ടെത്തണമെന്നു പറഞ്ഞാല്‍ പോലും അത് വാട്‌സാപ്പിലെ എല്ലാ സന്ദേശത്തെക്കുറിച്ചും വിവരം ശേഖരിക്കുന്നതിനു തുല്യമാണെന്ന് വാട്‌സാപ് പറയുന്നു. എല്ലാ മെസേജുകളിലും എന്തെങ്കലും മായ്ക്കാനാകാത്ത അടയാളം വച്ചാല്‍ മാത്രമായിരിക്കും അതു സാധ്യമാകുക. അതായത് ഉപയോക്താവിന്റെ ‘വിരലടയാളം’ തന്നെ ഓരോ സന്ദേശത്തിലും പതിക്കണം. ചുരുക്കി പറഞ്ഞാല്‍ ഇത് കൂട്ട നിരീക്ഷണ പ്രോഗ്രാം എന്ന വിഭാഗത്തില്‍ പെടുത്തേണ്ടതായി വരും. ജനാധിപത്യ സ്വഭാവമുള്ള രാജ്യങ്ങള്‍ ഇതു നടപ്പാക്കുന്ന കാര്യം ചിന്തിക്കാറില്ല.

• ചുവടുപിടിച്ചുപോകല്‍ കുറ്റമറ്റതായി നടപ്പാക്കാനാവില്ല

ചുവടുപിടിച്ചുപോകല്‍ കുറ്റമറ്റതാക്കാന്‍ പറ്റില്ലെന്നാണ് വാട്‌സാപ്പും ഇന്റര്‍നെറ്റ് വിദഗ്ധരും പറയുന്നത്. ആളുകള്‍ ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ അതു കോപ്പി ചെയ്ത് അയയ്ക്കുമ്പോള്‍ എല്ലാം ആദ്യം സന്ദേശം അയച്ച ആളാരാണെന്ന് കണ്ടുപിടിക്കല്‍ സാധ്യമാവില്ല. ഓരോ തവണയും ഫോര്‍വേഡ് ചെയ്യുന്നവരുടെയടക്കം പേരുകള്‍ സൂക്ഷിക്കേണ്ടതായി വരും. ഒരു സന്ദേശം പ്രശ്‌നമാണെന്നു കണ്ട് മറ്റാര്‍ക്കെങ്കിലും അയച്ചു കൊടുക്കുന്നയാളും ഇതില്‍ പെടും. സന്ദേശം ശരിയാണോ എന്നറിയന്‍ ശ്രമിക്കുന്നയാളും അതില്‍ പെടാം. ഇതെല്ലാം മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിക്കും. നിഷ്‌കളങ്കരായ ആളുകള്‍ കേസുകളില്‍ കുടുങ്ങും. ജയിലിലേക്കും പോകാം. ഇനി ഒരോ സന്ദേശത്തിലും വാട്‌സാപ് എന്തെങ്കിലും ‘വിരലടയാളം’ പതിച്ചു വിട്ടാലും അതും മാറ്റിമറിക്കാം. ഒരാള്‍ക്ക് മറ്റൊരാളാണെന്നു ഭാവിക്കാനുള്ള സാധ്യത അവിടെയും നിലനില്‍ക്കുന്നുവെന്ന് വാട്‌സാപ് പറയുന്നു. ഈ ചുവടുപിടിച്ചുപോകല്‍ നിയമം നടപ്പാക്കലിന്റെയും അന്വേഷണങ്ങളുടെയും പ്രാഥമിക തത്വങ്ങള്‍ക്ക് എതിരാണെന്നും വാട്‌സാപ് പറയുന്നു.

അതേസമയം, വാട്‌സാപ്പിന്റേത് ധിക്കാരപരമായ നിലപാടാണ് എന്നാണ് ഐടി വകുപ്പ് പറയുന്നത്. എല്ലാവരുടെയും സന്ദേശമൊന്നും പരിശോധിക്കേണ്ട കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്.

• ഇ2ഇ എടുത്തുകളഞ്ഞാലും വാട്‌സാപ്പിന് ഒരു ക്ഷീണവും സംഭവിക്കില്ല

വാട്‌സാപ് അധികാരികള്‍ മനസ്സിലാക്കാത്ത ഒരു കാര്യം ഇന്ത്യന്‍ ഉപയോക്താക്കള്‍ അവരുടെ ആപ് ഉപയോഗിക്കുന്നത് ഇ2ഇ ഉണ്ടല്ലോ എന്നോര്‍ത്തൊന്നുമല്ല എന്നതാണ്. എല്ലാവരും ഉപയോഗിക്കുന്നു, അതുകൊണ്ട് താനും ഉപയോഗിക്കുന്നു എന്ന ഏക ലോജിക് മാത്രമാണ് ശരാശരി ഇന്ത്യക്കാരുടെ വാട്‌സാപ് ഉപയോഗത്തിലുള്ളത്. ഇ2ഇ എടുത്തുകളഞ്ഞാലും അധികം ഉപയോക്തക്കളൊന്നും ആപ് ഉപേക്ഷിക്കില്ല. അത്രയ്ക്കുള്ള സാങ്കേതിക പരിജ്ഞാനമൊന്നും അവര്‍ക്കില്ല. കള്ളന്മാര്‍ക്കേ ഒളിക്കാനുള്ളു. തങ്ങള്‍ അത്തരക്കാരല്ലെന്നു പറയാനുള്ള സ്വകാര്യതാ ബോധം മാത്രമെ അവര്‍ക്കുള്ളു. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യത എന്തിനാണ് എന്നൊന്നും അവര്‍ ഇന്നുവരെ അന്വേഷിച്ചിട്ടില്ല എന്നത് വ്യക്തമാണെന്നും വിദഗ്ധര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7