കൊല്ലം : കെ.ബി ഗണേഷ് കുമാറിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിന്റെ കൂടുതൽ വിവരങ്ങൾ സമയമാകുമ്പോൾ പുറത്തു വിടുമെന്നു ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ്. ‘ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയെ കണ്ടുവെന്നതു സത്യമാണ്. അതു കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടു തന്നെയാണ്’- ഉഷ വ്യക്തമാക്കി.
മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രവുമായി ബന്ധപ്പെട്ടു ഗണേഷിനെതിരെ പരാതിയുമായി സഹോദരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടതിനെത്തുടർന്നാണു ഗണേഷ് കുമാറിന് ആദ്യ േടമിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്നു പ്രചാരണമുണ്ടായിരുന്നു.
‘അച്ഛന്റെ വിൽപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ കഴിയുമോയെന്നു നോക്കട്ടെ. ബാക്കി അപ്പോൾ പുറത്തുവിടാം’- ഉഷ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന ഗണേഷ് കുമാറിന്റെ പ്രതികരണത്തോടു ‘തൽക്കാലം അങ്ങനെയിരിക്കട്ടെ’ എന്നായിരുന്നു മറുപടി.
2011 ൽ ബാലകൃഷ്ണപിള്ള ജയിലിൽ ആയപ്പോൾ കൊട്ടാരക്കരയിൽ ഉഷയെ മത്സരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ബാലകൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചിരുന്നെന്നും ഗണേഷ് എതിർത്തതോടെയാണു ഡോ.എൻ.എൻ. മുരളി സ്ഥാനാർഥിയായതെന്നും പാർട്ടിയിൽ പ്രചാരണമുണ്ടായിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്കു മാറാൻ കാരണം സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്നങ്ങളാണെന്ന ആക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.