ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാള്‍ മുതല്‍ വിശ്രമമില്ലാതെ ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കാനുളള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍. വിശ്രമമില്ലാതെ കോവിഡിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന ഈ മുന്നണിപ്പോരാളികളോടുളള ആദരവ് ഉയര്‍ത്തുന്ന ഒരു സംഭവമാണ് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് ബാധിച്ച് മരിച്ച 78-കാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ ഡോക്ടറായ വരുണ്‍ ഗാര്‍ഗ്. സ്ത്രീയുടെ മകനും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാലാണ് അന്ത്യകര്‍മം നിര്‍വഹിക്കാന്‍ ഡോക്ടര്‍ തയ്യാറായത്.
‘ബുധനാഴ്ച വൈകീട്ടാണ് എനിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടറുടെ ഫോണ്‍കോള്‍ വരുന്നത്. കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചുവെന്നും സ്ത്രീയുടെ മകന്‍ കോവിഡ് പോസിറ്റിവ് ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അവരുടെ അടുത്ത ബന്ധുക്കളെയും അയല്‍ക്കാരേയും ബന്ധപ്പെടാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാഴാഴ്ച ആയിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് കുടുംബത്തെ സഹായിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. അതിനായി അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ഞാന്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്നുളള മകന്റെ സമ്മതപത്രം വാങ്ങിവരണമെന്ന് ഡോക്ടര്‍ സുഹൃത്തിനോട് ഞാന്‍ ആവശ്യപ്പെട്ടു.
ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മകന്‍ എഴുതിത്തന്നു. തുടര്‍ന്ന് ഡോക്ടര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീയുടെ മൃതദേഹം നിഗംബോധ് ഘട്ടില്‍ കൊണ്ടുവന്നു. അവരുടെ മതവിശ്വാസപ്രകാരമുളള എല്ലാ അന്ത്യകര്‍മങ്ങളും പൂര്‍ത്തിയാത്തി ഞാന്‍ ചിതയ്ക്ക് തീകൊളുത്തി. ‘ ഡോക്ടര്‍ വരുണ്‍ ഗാര്‍ഗ് പറയുന്നു.
ഇവരുടെ ചിതാഭസ്മം ശ്മശാനത്തിലുളള ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മുക്തനായ ശേഷം മകന് ചിതാഭസ്മം നിമജ്ജനം ചെയ്ത് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാം.
2015-മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ ജോലിചെയ്തുവരികയാണ് ഡോ. വരുണ്‍. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് ചികിത്സാമേഖലയിലാണ് സേവമനുഷ്ഠിക്കുന്നത്. ഇതിനിടയില്‍ കോവിഡ് ബാധിതനായ ഡോക്ടറും കുടുംബവും കഴിഞ്ഞ ആഴ്ചയാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.
‘കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലത്ത് നമ്മളെ സഹായിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് സഹാനുഭൂതിയും അനുഭാവവുമാണ്. നമുക്ക് കഴിയുന്ന രീതിയില്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാകണം’, ഡോ. വരുണ്‍ പറയുന്നു.
ക്വാറന്റീനില്‍ കഴിയവേ കോവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ പോലീസ് നടത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞമാസമാണ്. വിദേശത്തായതിനാല്‍ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ കഴിയാത്ത നിരവധിപേരുണ്ട്. സംസ്‌കാര ചടങ്ങുകള്‍ നടത്തിക്കൊടുക്കുന്ന ഏജന്‍സികളാണ് ഇത്തരക്കാര്‍ക്ക് ആശ്വാസം. അതേസമയം, കോവിഡ് ഭീതിയില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍എത്താത്ത സാഹചര്യവുമുണ്ട്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യത്തെ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഒന്നാണ് ഡല്‍ഹി. കിടക്കകള്‍ നിറഞ്ഞുകവിഞ്ഞ് ആശുപത്രിക്ക് പുറത്ത് രോഗികള്‍ കാത്തുകിടക്കുന്നതിന്റെയും ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ മരിച്ചതിന്റെയും ശ്മശാനങ്ങള്‍ നിറഞ്ഞുകവിയുന്നതിന്റെയും വാര്‍ത്തകള്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്നിരുന്നു.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്