ഡല്‍ഹി: ഏപ്രില്‍ 18 ന് ശേഷം ഇതാദ്യമായി ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 25% താഴ്ന്നു. കോവിഡ് അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ വ്യാഴാഴ്ച 19,133 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 335 മരണവും സ്ഥിരീകരിച്ചു.
നാലു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെ സ്ഥിരീകരിക്കുന്നത്.
ബുധനാഴ്ച 20,960 കേസുകളും, ചൊവ്വാഴ്ച 19,953 കേസുകളും, തിങ്കളാഴ്ച 18,043 ഉം, ഞായറാഴ്ച 20,394 കേസുകളുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച 25,219 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ പോസിറ്റിവിറ്റി നിരക്ക് 24.29 ആയി താഴ്ന്നു. ഏപ്രില്‍ 22 നാണ് ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. 36.3 ആയിരുന്നു.