സനു മോഹനെയും വൈഗയുടെ അമ്മയെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനെയും കുട്ടിയുടെ മാതാവിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. സനു മോഹന്റെ മൊഴികളിലെ വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് തീരുമാനം. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നായിരുന്നു സനു പൊലീസിനോടു പറഞ്ഞിരുന്നത്.

എന്നാല്‍ മകളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ട് അന്യസംസ്ഥാനങ്ങളിലെത്തി പണം ഉപയോഗിച്ചു ചൂതാട്ടം നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വന്‍ തുക കൈവശം വച്ച് നാടുവിട്ടത് എന്തിനാണെന്ന ചോദ്യത്തിനും ഇയാള്‍ക്ക് കൃത്യമായ മറുപടി നല്‍കാനായിട്ടില്ല. നാടുവിട്ട ശേഷം മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന മൊഴിയും വിശ്വസനീയമല്ലെന്നു പൊലീസ് തിരിച്ചറിഞ്ഞു.

ഇയാളെ അഞ്ചു സംസ്ഥാനങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പു നടത്തിയ ശേഷം ഇന്നലെ അന്വേഷണ സംഘം നടത്തിയ അവലോകന യോഗത്തില്‍ കേസ് തുടര്‍ന്ന് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. സനു മോഹന്‍ നല്‍കിയ മൊഴികള്‍ക്കതീതമായി മകളെ കൊലപ്പെടുത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കൊലപാതകം നടത്തിയതിന്റെ പ്രേരണയായി ഇയാള്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നത് പൊലീസിനെ സമ്മര്‍ദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ കൊലപാതക കാരണം കൃത്യമായി തിരിച്ചറിയുന്നതിനാണ് കുട്ടിയുടെ മാതാവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്. ഇവരെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കുട്ടി മരിച്ച സാഹചര്യം പരിഗണിച്ച് കാര്യമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular