അകാലത്തില്‍ പൊലിഞ്ഞ ഭാര്യ ഉമാ ദേവിയ്ക്കായി പാട്ടൊരുക്കി സംഗീത സംവിധായകന്‍ മനു രമേശനും സുഹൃത്തും ഗായകനുമായ വിധു പ്രതാപും. വിധുവാണ് പാട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചത്. മനുവും വിധുവുമായി വളരെയടുത്ത സൗഹൃദമാണുള്ളത്. ഈ പാട്ട് കോളജ് പഠനകാലത്ത് തങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരുക്കിയതാണെന്നും അത് ഉമയ്ക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും വിധു പറയുന്നു.
‘എന്റെ കോളജ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത് ഇവന്റെ വീട്ടില്‍ ആയിരുന്നു. ഒരുപക്ഷെ എന്റെ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത മ്യൂസിക് ഡയറക്ടറും മനു രമേശന്‍ തന്നെയായിരിക്കും. കോളജ് കാലത്ത് ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഗാനം മനുവിന്റെ ഭാര്യ ‘ഉമ’ യ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ ഗാനം ഞങ്ങള്‍ വീണ്ടും ഒരുക്കുന്നു… മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേള്‍ക്കുവാനായി…’, വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 17ന് ആയിരുന്നു ഉമ ദേവി മരിച്ചത്. ശക്തമായ തലവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. എറണാകുളം പേരണ്ടൂര്‍ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള മകളുണ്ട്