കോട്ടയ്ക്കൽ: യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ നൂറുദിവസത്തിനകം സൗജന്യ റേഷൻ പുനഃസ്ഥാപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.പി.എ. മജീദിന്റെ തിരഞ്ഞെടുപ്പ് പര്യടനം പാലച്ചിറമാട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ഭരണകാലത്ത് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് വീണ്ടുംനൽകും. ഒരു കുടുംബത്തിന് 6,000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും. വികസനരംഗത്ത് ഒന്നും നടത്താത്ത സർക്കാരാണ് കടന്നുപോയത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന മെഡിക്കൽ കോളേജിന്റെ നടപടികൾപോലും പൂർത്തിയാക്കിയില്ല. ലക്ഷ്യബോധമില്ലാതെ സംസ്ഥാനത്തെ കടക്കെണിയിലാക്കിയതൊഴിച്ചാൽ ഒന്നും ഈ സർക്കാർ നടത്തിയില്ല. ഉമ്മൻചാണ്ടി പറഞ്ഞു.
എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. നിഷാദിന്റെ മകൻ അമിത് പ്രകാശ് ഉമ്മൻചാണ്ടിയെ ഷാളണിയിച്ചു. പാറയിൽ ബാപ്പു അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത്, പി.കെ. അബ്ദുറബ്ബ് എം.എൽ.എ., സ്ഥാനാർഥി കെ.പി.എ. മജീദ്, നാസർ തെന്നല, ഹനീഫ പുതുപ്പറമ്പ്, സി.കെ. ഉമ്മർ എന്നിവർ പ്രസംഗിച്ചു.