സനു മോഹന്റെ തിരോധാനം: ഫ്ലാറ്റിലേത‌് മനുഷ്യരക്തം, അസ്വഭാവികമായ കാര്യങ്ങൾ ഉണ്ടായെന്ന് സംശയം!

കാക്കനാട് : മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹന്റെ ഫ്ലാറ്റിൽ കണ്ടെത്തിയതു മനുഷ്യരക്തം തന്നെയെന്നു പരിശോധനയിൽ വ്യക്തമായി. മറ്റു ചില നിർണായക തെളിവുകളും ഫ്ലാറ്റിലെ ഫൊറൻസിക് പരിശോധനയിൽ ലഭിച്ചതോടെ കേസ് നിർണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്. രക്തം ആരുടേതാണെന്നു കണ്ടെത്താൻ വേറെ പരിശോധന വേണ്ടി വരും. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.

വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം കൂടി കിട്ടിയാലേ വ്യക്തത ലഭിക്കൂ. വൈഗയെ പിതാവ് സനു തന്നെയാണോ അപായപ്പെടുത്തിയതെന്ന സംശയം ബലപ്പെടുകയാണെന്നു പൊലീസ് അറിയിച്ചു. സനുവിനെ കണ്ടെത്തിയാലേ ദുരൂഹതയുടെ ചുരുളഴിയുകയുള്ളു. ഇദ്ദേഹത്തെ തേടി ചെന്നൈക്കു പോയ പൊലീസ് സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. ഫോൺ വിവരങ്ങളിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു ചെന്നൈയിലെ അന്വേഷണം.

സനുവുമായി കൂടുതൽ അടുപ്പമുണ്ടെന്നും സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയാണെന്നും സംശയിക്കുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചാണു അന്വേഷണം. ഇന്നലെ പൊലീസ് എത്തുമ്പോൾ ഇദ്ദേഹം ചെന്നൈക്കു പുറത്താണ്. മടങ്ങി വരാൻ കാക്കുകയാണ് പൊലീസ്. സനു പുതിയ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ ആധാർ നമ്പർ വച്ചു മൊബൈൽ കമ്പനികളിൽ അന്വേഷിച്ചെങ്കിലും പുതിയ സിം എടുത്തതായി വിവരം ലഭിച്ചില്ല.

സനു മോഹനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷം നടപടി തുടങ്ങാനാണ് തീരുമാനം. സനു രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകാനും നടപടിയെടുക്കും.

സനു മോഹന‌ു വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതരസംസ്ഥാന ബന്ധം എന്നീ കാര്യങ്ങളാണു നിലവിൽ അന്വേഷിക്കുന്നത്. നിർണായക വിവരങ്ങൾ പുണെ പൊലീസിൽ നിന്നു ലഭിച്ചിട്ടുണ്ട്. എറണാകുളം ഗോശ്രീ പാലത്തിനു സമീപം ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനുമോഹന്റെതാണെന്നു സംശയമുയർന്നിരുന്നു.

എന്നാൽ പരിശോധനയിൽ അല്ലെന്നു തെളിഞ്ഞു. സനു മോഹന്റെ കാർ വാളയാർ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നത് സനുമോഹൻ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ വാഹനത്തിനകത്തുള്ള ആളുടെ ദൃശ്യം ലഭിച്ചിട്ടില്ല– ഡിസിപി പറഞ്ഞു.

ചെന്നൈയിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ പുണെയിലേക്കു പോകാനും പൊലീസ് തയാറെടുക്കുന്നുണ്ട്. സനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടുതലും നടന്നിരിക്കുന്നത് പുണെയിലാണ്. അവിടെ ഏതാനും കേസുകളും നിലവിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സനുവിന്റെ രേഖാ ചിത്രങ്ങൾ പുണെ പൊലീസിനു കൈമാറിയിട്ടുണ്ട്.

കേരളവുമായി ബന്ധപ്പെട്ടു മുൻകാല സാമ്പത്തിക കേസുകളുള്ള മാർവാഡി സംഘങ്ങളുടെ വിവരവും പൊലീസ് ശേഖരിച്ചു. സനുവിന്റെ ഏതാനും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ സമീപിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം

pathram desk 1:
Related Post
Leave a Comment