ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് ഏപ്രിൽ ഒൻപതിന് തുടക്കമാകും. മേയ് 30–ാണ് ഫൈനൽ. കോവിഡ് വ്യാപനം മുൻനിർത്തി ആറു വേദികളിലായാണ് മത്സരം. ഇത്തവണ ഹോം മത്സരങ്ങളുണ്ടാകില്ല. എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദിയിലായിരിക്കും മത്സരങ്ങൾ. കോവിഡ് വ്യാപനം മുൻനിർത്തി കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ നടത്തുക. പിന്നീട് സ്ഥിതി മെച്ചപ്പെട്ടാൽ കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരം അഹമ്മദാബാദിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിങ്സും തമ്മിലാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പ്ലേഓഫ് മത്സരങ്ങളും ഫൈനൽ പോരാട്ടവും നടക്കുക. മേയ് 30നാണ് ഫൈനൽ. ഇവയുൾപ്പെടെ ഈ സീസണിലെ സമ്പൂർണ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായെങ്കിലും കോവിഡ് വ്യാപനം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ബിസിസിഐ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ ആറു വ്യത്യസ്ത വേദികളിലായി നടത്താനാണ് തീരുമാനം. ഇക്കുറി ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ മത്സരങ്ങളുണ്ടായിരിക്കില്ല. ചെന്നൈ, അഹമ്മദാബാദ് എന്നിവയ്ക്കു പുറമെ ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഈ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് ഐപിഎൽ അവസാനിക്കുന്നതു വരെ പ്രത്യേക ബയോ സെക്യുർ ബബ്ൾ ക്രമീകരിക്കും.
ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ നാലു വേദികളിലായിട്ടാണ് ക്രമീകരിക്കുന്നത്. ആകെയുള്ള 56 മത്സരങ്ങൾ 10 എണ്ണം വീതം ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായി നടക്കും. അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ എട്ടു മത്സരങ്ങൾ വീതവും നടക്കും. ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളും ആകെയുള്ള ആറിൽ നാലു സ്റ്റേഡിയങ്ങളിലും കളിക്കും. 3ആകെയുള്ള മത്സരദിനങ്ങളിൽ ആറു ദിവസം രണ്ടു മത്സരങ്ങൾ വീതമുണ്ട്. ഈ ദിവസങ്ങളിൽ ആദ്യ മത്സരം വൈകീട്ട് 3.30ന് ആരംഭിക്കും. രാത്രിയിലെ മത്സരം 7.30നാണ് ആരംഭിക്കുക.
Leave a Comment