മമതയും അമിത് ഷായും രൂക്ഷമായ വാക്‌പോരില്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രധാന പ്രതിയോഗി ബിജെപിയും തമ്മിലെ അങ്കം മുറുകുന്നു. തൃണമൂല്‍ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലെ വാക് പോരിന്റെ വീര്യമാണ് നാള്‍ക്കുനാള്‍ കൂടുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മമതയും ഷായും കഴിഞ്ഞ ദിവസം സംഘടിപ്പിച്ച റാലികള്‍ വാക് യുദ്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ വേദിയായി. ബംഗാളിലെ സിന്‍ഡിക്കേറ്റ് ഭരണത്തിന് അന്ത്യം കുറിയ്ക്കണമെന്ന് അമിത് ഷാ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. അഭിവൃദ്ധിയുള്ള ബംഗാളും ജനങ്ങള്‍ക്ക് ഷാ വാഗ്ദാനം ചെയ്തു. അമ്മായിയും മരുമകനും കൂടിയാണ് ബംഗാൡലെ ഭരണമെന്ന തരത്തിലെ വിമര്‍ശനവും, മമതയെയും അഭിഷേക് ബാനര്‍ജിയെയും പേരെടുത്തു പറയാതെ അമിത് ഷാ ഉന്നയിക്കുകയുണ്ടായി.

ഷായുടെ വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുന്ന മമതയെയാണ് പിന്നീട് കണ്ടത്. ആദ്യം ഷാ അഭിഷേകിനോട് മത്സരിച്ച് ജയിക്കട്ടേയെന്നും പിന്നീടാകാം തന്നോട് മുട്ടുന്നതെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഷായുടെ മകനായ ജയ് ഷായെ രാഷ്ട്രീയത്തില്‍ ഇറക്കിനോക്കട്ടെയെന്ന് വെല്ലുവിളിച്ച മമത അഭിഷേക് ബാനര്‍ജിക്ക് താന്‍ പ്രത്യേക പരിഗണനയൊന്നും നല്‍കുന്നില്ലെന്നും പറഞ്ഞു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ തൃണമൂലും ബിജെപിയും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. തൃണമൂലിലെ മുതിര്‍ന്ന നേതാക്കളെയടക്കം സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7