ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ യൂണി ടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ് സന്തോഷ് ഈപ്പന്‍.

കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. മറ്റ് നാലു പ്രതികളില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ സാമ്പത്തിക കാര്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീഷൻ നല്‍കിയിരുന്നു. ഈ തുക ഡോളര്‍ ആക്കി മാറ്റിയത് സന്തോഷ് ഈപ്പന്‍ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

കേസിലെ മറ്റു പ്രതികള്‍ സ്വപ്‌ന, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കര്‍ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതല്‍ പ്രമുഖര്‍ ഈ കേസില്‍ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്.

ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷന്‍ ഇടപാടായി നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular