അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്നു തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കോവിഡ് വ്യാപനം ശമിക്കാത്തതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം അടക്കം നാലിടങ്ങളിലായാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ‘ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടന ചിത്രം. നഗരത്തിലെ ആറു തിയേറ്ററുകള്‍ മേളയ്ക്ക് വേദിയൊരുക്കും. അന്തരിച്ച കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളനാസ്, ഇര്‍ഫാന്‍ ഖാന്‍, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റര്‍ജി, ഭാനു അത്തയ്യ, സച്ചി, അനില്‍ നെടുമങ്ങാട്, ഋഷി കപൂര്‍ എന്നീ പ്രതിഭകളുടെ ചലച്ചിത്രങ്ങള്‍ മേളയുടെ സവിശേഷതയാകും.

മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 14 സിനിമകളുണ്ട്. കലെഡോസ്‌കോപ്പ് വിഭാഗത്തില്‍ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ വാസന്തി, ബിരിയാണി എന്നിവയും ഇടംപിടിക്കുന്നു. സംവാദവേദിയും ഓപ്പണ്‍ഫോറവും ഓണ്‍ലൈനിലാണ്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും മാത്രം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ.

pathram desk 2:
Related Post
Leave a Comment