ബൈഡനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിക്കാന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് മോദി ബൈഡനോട് കഴിയുന്നതുംവേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

ഇന്ത്യ-അമേരിക്ക ബന്ധത്തെ പുതു തലത്തിലെത്തിക്കാനുള്ള നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ ബൈഡനും മോദിയും പങ്കുവച്ചെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും മേഖലാ കേന്ദ്രീകൃത വികസനവും ഇരുവരുടെയും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിന്റെ ആവശ്യകതയും മോദിയും ബൈഡനും അടിവരയിട്ടു. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ വന്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മോദി ബൈഡനോട് പങ്കുവച്ചു. ഏപ്രിലില്‍ കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കാനുള്ള യുഎസ് തീരുമാനത്തെ പ്രശംസിച്ച മോദി അതില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് മോദിയുമായി സംസാരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment