ആറ് റഫേലുകള്‍ കൂടി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളുടെ ആറ് യൂണിറ്റുകള്‍ കൂടി ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കി.

കരാര്‍ പ്രകാരം 11 റഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് ഇതുവരെ നല്‍കിയത്. മാര്‍ച്ച് മാസത്തോടെ ആറ് റഫേല്‍ വിമാനങ്ങള്‍ കൂടി എത്തിക്കും. 2022 ഏപ്രില്‍ മാസത്തോടെ 36 വിമാനങ്ങളും വ്യോമസേനയ്ക്ക് ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

2016ലാണ് ഫ്രാന്‍സുമായി ഇന്ത്യ 59,000 കോടി രൂപയുടെ റഫേല്‍ യുദ്ധവിമാന കൈമാറ്റ കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ജൂലൈ 29 ന് വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തിയിരുന്നു. പിന്നീട് നാല് മാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാം ബാച്ചും ഫ്രാന്‍സ് കൈമാറി. ആദ്യ ബാച്ചില്‍ മൂന്ന് വിമാനങ്ങളും രണ്ടാം ബാച്ചില്‍ അഞ്ച് വിമാനങ്ങളും ഇന്ത്യക്ക് ലഭിച്ചു.

ഒരേ സമയം വിവിധ കാര്യങ്ങള്‍ ചെയ്യാനാവുമെന്നതാണ് റഫേല്‍ യുദ്ധവിമാനങ്ങളുടെ സവിശേഷത. ലക്ഷ്യങ്ങള്‍ കണ്ടെത്തി ത്രിമാന രേഖാചിത്രങ്ങള്‍ വരയ്ക്കാന്‍ റഫേലിനു സാധിക്കും. അത്യാധുനിക സാങ്കേതിക വിദ്യകളും സെന്‍സറുകളും അടങ്ങിയ റഫേല്‍ വിമാനങ്ങളില്‍ ഹാമര്‍ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7