ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പേരില്‍ രാജ്യസഭയില്‍ ബഹളംവച്ച മൂന്ന് എഎപി (ആംആദ്മി പാര്‍ട്ടി) എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് സഭ പിരിയുന്നവരെയാണ് ഇവരെ പുറത്താക്കിയത്.
രാവിലെ സമ്മേളനം ആരംഭിച്ചതു മുതല്‍ എഎപിയുടെ മൂന്ന് എംപിമാര്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതാണ് സഭാധ്യക്ഷനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് സഭ 9.40വരെ നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ മൂന്ന് എംപിമാരെയും ഒരുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. സഭയില്‍ നിന്നും പുറത്തുപോകാന്‍ തയാറാകാത്ത അംഗങ്ങളെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്.
അതേസമയം, സഭയില്‍ കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച ചര്‍ച്ചയ്ക്ക് 15 മണിക്കൂര്‍ അനുവദിക്കണമെന്ന കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ധാരണയിലെത്തി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണെന്ന് ബിജെപി സഭ അറിയിച്ചു.