ഇന്ത്യയിൽ ഡയറക്റ്റ് റ്റു ഹോം (ഡിടിഎച്ച്) സേവനം നൽകുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനുള്ള ശുപാർശയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഡിടിഎച്ച് ലൈസൻസിന്റെ കാലാവധി ഇനി മുതൽ 20 വർഷത്തേക്ക് ആയിരിക്കും.നിലവിൽ 10വർഷമായിരുന്നു കാലാവധി. ഇതിനു പുറമെ ഒരു തവണ 10 വർഷത്തേക്ക് ലൈസൻസ് കാലാവധി പുതുക്കാൻ സാധിക്കും.
മൊത്ത വരുമാന(Gross revenue )ത്തിന്റെ 10% ൽ, നിന്നും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവി(AGR )ന്റെ എട്ട് ശതമാനമായി ലൈസൻസ് ഫീസ് പരിഷ്കരിച്ചിട്ടുണ്ട്.മൊത്ത വരുമാനത്തിൽ നിന്നും ജിഎസ്ടി കുറച്ചുതിനുശേഷമായിരിക്കും AGR കണക്കാക്കുക. ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക് അവരുടെ ചാനൽ ശേഷിയുടെ പരമാവധി അഞ്ച് ശതമാനം, അംഗീകൃത പ്ലാറ്റ്ഫോം ചാനലുകളായി ഉപയോഗിക്കാൻ അനുമതി നൽകും. ഓരോ പ്ലാറ്റ്ഫോം സർവീസ് ചാനലുകൾക്കും പതിനായിരം രൂപ നിരക്കിൽ രജിസ്ട്രേഷൻ ഫീസ് ഈടാക്കും.
താല്പര്യമുള്ള ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക്,മറ്റ് ടിവി ചാനൽ വിതരണ ദാതാക്കളുമായി,അടിസ്ഥാന സൗകര്യങ്ങൾ പങ്കു വയ്ക്കാവുന്നതാണ്.നിലവിലെ മാർഗ നിർദേശത്തിൽ, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ആയ 49% ആണ്. ഇത് ഗവൺമെന്റ് നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതോടെ ഈ തീരുമാനങ്ങളെല്ലാം പ്രാബല്യത്തിൽ വരും.