യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനം; തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രനെന്ന് നിലപാടില്‍ ഘടകകക്ഷികള്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനമാണെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ്. തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന നിലപാടില്‍ മുന്നണിയിലെ മറ്റുഘടക കക്ഷികളും രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗിന്റെ അതൃപ്തി പരസ്യമാക്കുന്നത്.

മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാനായെങ്കിലും കോണ്‍ഗ്രസിന് അവരുടെ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തടഞ്ഞുനിര്‍ത്താനുള്ള സംഘനാസംവിധാനം കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നും ലീഗ് വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, പി.വി.അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

യോഗത്തിന് ശേഷം ലീഗ് നേതാക്കള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണും. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിന്റെ പങ്ക് സംബന്ധിച്ച് നേതാക്കള്‍ ചെന്നിത്തലയെ അതൃപ്തി അറിയിക്കാനാണ് കൂടിക്കാഴ്ച.

അതേ സമയം മുന്നാക്ക സംവരണ വിഷയത്തില്‍ ലീഗ് എടുത്ത നിലപാട് മുന്നണിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന നിലപാട് കോണ്‍ഗ്രസിനുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഏത് രീതിയില്‍ ബാധിച്ചുവെന്നും മുസ്ലിംലീഗും സ്വയം വിലയിരുത്തുന്നുണ്ട്.

ഇതിനിടെ കടുത്ത നിലപാടുമായി ആര്‍എസ്പിയും രംഗത്തെത്തി. ലീഗ് നേതാക്കള്‍ ചെന്നിത്തലയെ കാണുന്നതിന് പിന്നാലെ ആര്‍എസ്പി നേതാക്കളും ഇന്നത്തെ യുഡിഎഫ് യോഗത്തിന് മുമ്പായി പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കും. മുന്നണിയില്‍ ഈ രീതിയില്‍ തുടരേണ്ടതില്ല എന്നതാണ് ആര്‍എസ്പിയിലെ പൊതുവികാരം. വിശ്വസ്തതയുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular