മലപ്പുറം: യു.ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യു.ഡി എഫ് കൺവീനർ എം.എം ഹസ്സൻ. വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
വികസന മുന്നേറ്റം പറഞ്ഞ് വോട്ട് തേടാൻ ഇടതുപക്ഷത്തിന് ധാർമ്മിക അവകാശമില്ല. വികസന മുന്നേറ്റമല്ല കേരളത്തിൽ നടക്കുന്നത്, അഴിമതി മുന്നേറ്റമാണ്. എന്തിനും ഏതിനും അഴിമതി നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ അഴിമതികൾ പൊതുജന മധ്യത്തിൽ യുഡിഎഫ് തുറന്നുകാട്ടും. വികസനത്തിന്റെ മറവിൽ നടന്ന അഴിമതി ചൂണ്ടിക്കാട്ടി യുഡിഎഫ് പൊതുജനമധ്യത്തിൽ വോട്ട് തേടുമെന്നും ഹസ്സൻ വ്യക്തമാക്കി.
സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതികൾക്ക് ജയിലിൽ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാവണം. വരുംദിനങ്ങളിൽ ഉന്നതന്റെ പേര് വ്യക്തമാവുന്നതോടെ സംസ്ഥാന സർക്കാറിന്റെ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ തട്ടിപ്പുകൾ പുറത്തുവരും. ജയിലിൽ പോലും പ്രതികൾക്കെതിരെ ഭീഷണി ഉയരുന്നത് കേരളത്തിലാണ്. ആഭ്യന്തര വകുപ്പ് സുരക്ഷിതമല്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.