ഐ.എന്‍.എസ് വിരാടിനെ സംരക്ഷിക്കണം, അല്ലെങ്കില്‍ വിട്ടുതരണമെന്ന് ആവ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ബ്രിട്ടീഷ് ട്രസ്റ്റിന്റെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിരാടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും കത്തെഴുതി. ഇന്ത്യ ഡീക്കമ്മീഷന്‍ ചെയ്ത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട്, ബ്രിട്ടീഷ് റോയല്‍ നേവിയില്‍ എച്ച്എംഎസ് ഹെര്‍മ്സ് എന്ന പേരില്‍ സേവനമനുഷ്ടിച്ചിരുന്നു.

മറ്റെല്ലാ നിര്‍ദേശങ്ങളും പരാജയപ്പെട്ടാല്‍, വിമാനവാഹിനിക്കപ്പല്‍ ബ്രിട്ടണിലേക്ക് തിരികെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും അവിടെ ഒരു മാരിടൈം മ്യൂസിയം സ്ഥാപിക്കാന്‍ കഴിയുമെന്നും ഹെര്‍മ്സ് വിരാട് ഹെറിറ്റേജ് ട്രസ്റ്റ് ഇരുനേതാക്കള്‍ക്കും എഴുതിയ കത്തില്‍ അഭിപ്രായപ്പെട്ടു. ഇത് അനുവദിച്ചാല്‍, ലിവര്‍പൂള്‍ സിറ്റി സെന്ററിന് എതിര്‍വശത്ത് ലോകോത്തര മാരിടൈം മ്യൂസിയം സൃഷ്ടിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സജീവമായിരുന്ന യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ് വിരാടെന്ന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രികള്‍ക്ക് അയച്ച കത്തില്‍ ട്രസ്റ്റ് ചൂണ്ടിക്കാണിച്ചു. 1959-ലാണ് എച്ച്.എം.എസ്. ഹെര്‍മിസ് എന്ന കപ്പല്‍ റോയല്‍ നേവി ഓഫ് ദി യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗമായത്. 1987-ലാണ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി.

ഹെര്‍മ്സ് ട്രസ്റ്റ് അതിന്റെ ഇന്ത്യന്‍ പങ്കാളികളായ എന്‍വിടെകുമായി ചേര്‍ന്ന് വിരാടിനെ ഗോവ തീരത്ത് ഒരു മ്യൂസിയമാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാവികസേന ഡീക്കമ്മീഷന്‍ ചെയ്ത വിരാടിനെ ഏറ്റെടുക്കാനായി, എന്‍വിടെക് നല്‍കിയ അപേക്ഷയില്‍ എന്‍ഒസി നല്‍കാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍വിടെക് വിഷയത്തില്‍, വരുന്ന ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും.

ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന് കൈമാറിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് വിരാടിനെ കൈമാറാന്‍ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് പട്ടേല്‍ സെപ്റ്റംബറില്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7