ഖത്തറിന് ചുറ്റും ഓടി പുതിയ റെക്കോര്‍ഡിട്ട് മുബാറക്ക്; 155 മണിക്കൂര്‍ 30 മിനിറ്റ് ഒരു സെക്കന്റില്‍ 484 കിലോമീറ്റര്‍ ഓടി

ദോഹ : ഖത്തറിന് ചുറ്റും ഓടി പുതിയ റെക്കോര്‍ഡിട്ട് സ്വദേശി പൗരന്‍. 155 മണിക്കൂര്‍ 30 മിനിറ്റ് ഒരു സെക്കന്റില്‍ 484 കിലോമീറ്റര്‍ ഓടി മുബാറക്ക് അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയാണ് പുതിയ റെക്കോര്‍ഡിട്ടത്. നവംബര്‍ 28 ന് ദോഹ കോര്‍ണിഷില്‍ നിന്ന് തുടങ്ങിയ ഓട്ടം ഡിസംബര്‍ നാലിന് കോര്‍ണിഷിലെ ഷെറാട്ടണ്‍ ഹോട്ടലിന് സമീപത്തെ ഫിനിഷിങ് പോയിന്റിലെത്തിയാണ് റെക്കോര്‍ഡ് സമയം കുറിച്ചത്.

ഫാസ്റ്റസ്റ്റ് നോണ്‍ ടൈം (എഫ്കെടി) റെക്കോര്‍ഡാണ് അല്‍ ഖുലൈഫി സ്വന്തമാക്കിയത്. 155 മണിക്കൂര്‍ 30 മിനിറ്റ് ഒരു സെക്കന്റ് എന്ന റെക്കോര്‍ഡ് സമയത്തില്‍ ഇടവേളകളും വിശ്രമത്തിനെടുത്ത സമയവും ഉറക്കവും എല്ലാം ഉള്‍പ്പെടും. ഇത്രയും ദിവസത്തിനിടെ 25 മണിക്കൂറില്‍ താഴെ സമയമേ അല്‍ ഖുലൈഫി ഉറങ്ങിയിട്ടുള്ളു

2018 ഫെബ്രുവരിയില്‍ ഖത്തര്‍ പ്രവാസിയും സാഹസികനുമായ ഫ്രഞ്ചുകാരന്‍ പിയറി ഡാനിയേല്‍ കുറിച്ച റെക്കോര്‍ഡാണ് അല്‍ ഖുലൈഫി തകര്‍ത്തത്. 7 ദിവസം കൊണ്ട് ഖത്തറിന്റെ വടക്കു നിന്ന് തെക്കു വരെ 475 കിലോമീറ്റര്‍ ആണ് പിയറി ഓടിയത്. മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ഓടി പിയറി റെക്കോര്‍ഡ് ഇട്ടപ്പോള്‍ ഫിസിയോതെറാപ്പിസ്റ്റ്, ഫൊട്ടോഗ്രഫര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ പിന്തുണയോടെയാണ് അല്‍ ഖുലൈഫി ഓടിയെത്തിയത്.

പിന്തുണയില്ലാതെ ഓടിയതിന്റെ റെക്കോര്‍ഡ് പിയറിയ്ക്കും പിന്തുണയോടെ ഓടിയതിന്റെ റെക്കോര്‍ഡ് അല്‍ ഖുലൈഫിക്കുമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യം മുഴുവന്‍ ഓടിതീര്‍ത്ത് റെക്കോര്‍ഡിട്ട ആദ്യ സ്വദേശി പൗരന്‍ എന്ന ബഹുമതിയും അല്‍ ഖുലൈഫിക്കാണ്.

Similar Articles

Comments

Advertismentspot_img

Most Popular

445428397